ഭാരതരത്ന നൽകേണ്ടത് വീർ ഭഗത് സിംഗിന്,​ ഒറ്റുകാരന് നൽകേണ്ടത് 'ഭീരുരത്ന'യാണെന്ന് മുഹമ്മദ് റിയാസ്

Wednesday 18 September 2019 8:30 PM IST

തിരുവനന്തപുരം: സവർക്കർക്ക് ഭാരതരത്ന നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയ്ക്ക് മറുപടിയായി ഡി.വെെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്. ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിനാണെന്നും സവർക്കർക്ക് നൽകേണ്ടത് "ഭീരുരത്നയാണെന്നും റിയാസ് പറഞ്ഞു. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ഹർജി സമർപ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കർക്ക് ഭാരതരത്ന നൽകുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരുമെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്,
സവർക്കർക്ക് നൽകേണ്ടത് "ഭീരുരത്ന "

സവർക്കർക്ക് ഭാരതരത്ന നൽകി രാഷ്ട്രം ആദരിക്കണമെന്ന് ശിവസേന പ്രസിഡന്റും
ബാൽ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ഹരജി സമർപ്പിച്ച് നിരവധി തവണ മാപ്പിരന്ന് വാങ്ങി ഇന്ത്യൻ സ്വാതന്ത്യ സമരത്തെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കർക്ക് ഭാരതരത്ന നൽകുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്തിനുത്തന്നെ കളങ്കമായിത്തീരും.

'വീർ' (ധീരൻ) എന്ന വാക്കിനെത്തന്നെ അന്വർത്ഥമാക്കുന്ന സമരജീവിതം നയിച്ച് , ഇരുപത്തിമൂന്നാംവയസ്സിൽ തൂക്കുമരത്തിലേക്ക് നടന്നു കയറുമ്പോഴും "ഇങ്ക്വിലാബ് സിന്ദാബാദ് " മുഴക്കിയ "ഷഹീദ് " (രക്തസാക്ഷി ) ഭഗത് സിങ്ങിനാണ് ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ യഥാർത്ഥ ധീരൻ. ഭാരതരത്ന നൽകി ആദരിക്കേണ്ടത് വീർ ഭഗത് സിംഗിനെയാണ്.

സവർക്കർക്ക് നൽകേണ്ടത് 'ഭീരുരത്ന' ബഹുമതിയാണ്. ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവിനുള്ള അവാർഡ്.
-പി.എ. മുഹമ്മദ് റിയാസ്-