അതിതീവ്ര മഴ ; മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Thursday 17 July 2025 8:46 PM IST

കണ്ണൂർ : അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്,,​ കണ്ണൂർ,​ വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മൂന്നു ജില്ലകളിലും വെള്ളിയാഴ്ച റെഡ് അലർട്ടാണ്.

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ല.യിലെ സ്കൂളുകൾ,​ കോളേജുകൾ,​ പ്രൊഫഷണൽ കോളേജുകൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ ട്യൂഷൻ സെന്ററുകൾ,​ മദ്രസകൾ ,​ അങ്കണവാടികൾ,​ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ,​ സർവകലാശാല,​ മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ )​ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ല.യിലെ സ്കൂളുകൾ,​ അങ്കണവാടികൾ,​ മതപഠന സ്ഥാപനങ്ങൾ,​ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് ജൂലായ് 18ന് അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, മതപഠന സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.