7 വർഷത്തിനിടെ 289% വർദ്ധന, മാസം തികയാതെയുള്ള പ്രസവങ്ങൾ പെരുകുന്നു

Friday 18 July 2025 12:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മാസം തികയാതെയുള്ള പ്രസവങ്ങൾ വർദ്ധിക്കുന്നു. 2017- 18ൽ 6,916 ആയിരുന്നത് 2023- 24ൽ 26,968 ആയി ഉയർന്നു. ഏഴുവർഷത്തിനിടെ 289 ശതമാനം വർദ്ധന. ജീവിത ശൈലിയിൽ വന്ന മാറ്റം,​ രക്താതിമർദ്ദം, പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് ഇതിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഇൻഫർമേഷൻ സെൽ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ,​ മികച്ച ആരോഗ്യസംവിധാനങ്ങളുടെ പിൻബലത്തിൽ കുഞ്ഞിന്റെയും അമ്മയുടെയും ജീവൻരക്ഷിക്കാൻ കഴിയുന്നത് നേട്ടമാണ്. കേസുകളുടെ എണ്ണം വർദ്ധിച്ചാൽ ഭാവിയിൽ പ്രതിസന്ധിയാകും. ഇത്തരം കുട്ടികൾക്ക് വൈകല്യങ്ങൾക്ക് സാദ്ധ്യതയുണ്ട്.

2023- 24ൽ 18,545 എണ്ണം സ്വകാര്യ മേഖലയിലും 8,​423 കേസുകൾ സർക്കാർ ആശുപത്രികളിലുമാണ് ഇത്തരം പ്രസവങ്ങൾ നടന്നത്. കൂടുതലും മലപ്പുറത്ത്. 4,​280 കേസുകൾ ഈ കാലയളവിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 4,​161 എണ്ണവുമായി കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. 428 കേസുകളുള്ള വയനാടാണ് ഏറ്റവും കുറവ്.

മാസംതികയാതെയുള്ള പ്രസവങ്ങൾ

 2017- 18......................6,916

 2018- 19.....................13,077

 2019- 20.....................13,206

 2020- 21.....................14,890

 2021- 22.....................19,556

 2022- 23.....................22,222

 2023- 24.....................26,968

കാരണങ്ങൾ പലത്

37 ആഴ്ചകൾക്ക് മുൻപ് സംഭവിക്കുന്നതാണ് മാസം തികയാതെയുള്ള പ്രസവങ്ങൾ. ഇത് കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭാശയ അണുബാധ, അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ, കുറഞ്ഞ പ്രായത്തിലുള്ള ഗർഭം, രണ്ടോ അതിലധികമോ പ്രസവങ്ങൾക്കിടയിൽ കുറഞ്ഞ സമയം, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ് എന്നിവയും കാരണമായേക്കും.

ആരോഗ്യം കരുതണം

 ഗർഭധാരണത്തിന് മുൻപ് മതിയായ ഭാരം നിലനിറുത്തണം  ഗർഭകാലത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം  സമ്മർദ്ദം കുറച്ച് മാനസിക ഉല്ലാസം കണ്ടെത്തണം

 ഡോക്ടറുടെ ഉപദേശാനുസരം ജീവിതചര്യ പിന്തുടരണം

 ഗർഭകാലത്തെ കുറിച്ച് ഭാര്യയ്ക്കും ഭർത്താവിനും അവബോധം നൽകണം. അമ്മയുടെ മാനസികപിരിമുറുക്കം കുറയ്ക്കുകയാണ് പ്രധാനം. ഗർഭകാലത്തെ ആരോഗ്യസംരക്ഷണത്തെ പറ്റി കൃത്യമായ ധാരണവേണം.

-ഡോ. ജീജാ ബീഗം.

ഗൈനക്കോളജിസ്റ്റ് ആൻഡ് ഇൻഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ്

എസ്.പി, വെൽഫോർട്ട് തിരുവനന്തപുരം