ടി.പി വധക്കേസ് പത്താം പ്രതി നിര്യാതനായി

Friday 18 July 2025 12:23 AM IST

കണ്ണൂർ: കണ്ണൂർ സെന്റർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരികയായിരുന്ന ടി.പി വധക്കേസിലെ പത്താം പ്രതി ഏറാമല തട്ടോളിക്കരയിലെ കെ.കെ.കൃഷ്ണൻ(79) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ പിടിപെട്ടാണ് നില ഗുരുതരമായത്. സി.പി.എം ഒഞ്ചിയം മുൻ ഏരിയാകമ്മിറ്റി അംഗവും വടകര ബ്‌ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.

വിചാരണക്കോടതി വെറുതേവിട്ട പത്താംപ്രതിയായ കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽകമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവർ ഗൂഢാലോചനക്കേസിൽ പ്രതികളാണെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.

ഭാര്യ: യശോദ. മക്കൾ: സുസ്മിത (സഹകരണ വകുപ്പ് എ.ആർ ഓഫിസ് വടകര), സുമേഷ് (അസി.മാനേജർ കെ.എസ്.എഫ്.ഇ വടകര), സുജീഷ് (സോഫ്റ്റ് വയർ എൻജിനിയർ). മരുമക്കൾ: പി.പി.മനോജൻ (കേരള ബാങ്ക് നാദാപുരം),രനിഷ, പ്രിയ. സംസ്‌കാരം പിന്നീട്.