സി.വി.പത്മരാജന് യാത്രാമൊഴി
കൊല്ലം: മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി. പത്മരാജന് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. വിയോഗ വാർത്ത അറിഞ്ഞതുമുതൽ ആനന്ദവല്ലീശ്വരത്തെ 'വസന്തി"ലേക്ക് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തരുമടക്കമുള്ളവർ ഒഴുകിയെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.55ന് ഭൗതികദേഹം ആനന്ദവല്ലീശ്വരത്തെ വീട്ടിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ കൊല്ലം ബാർ അസോസിയേഷനിലേക്ക് കൊണ്ടുപോയി. അവിടത്തെ പൊതുദർശനത്തിനുശേഷം ഒന്നരയോടെ വിലാപയാത്ര കൊല്ലം അർബൻ ബാങ്കിലെത്തി. ബാങ്ക് ഹാളിൽ മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടർ എൻ.ദേവിദാസ് പുഷ്പചക്രം അർപ്പിച്ചു.
തുടർന്ന് ജില്ലാ കോൺഗ്രസ് ആസ്ഥാനത്തേക്ക്. വൻജനാവലി അദ്ദേഹത്തെ അവസാനമായി കാണാൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം അവിടെ നിന്ന് കൊട്ടിയം, ചാത്തന്നൂർ വഴി പരവൂരിലെ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനം. തുടർന്ന് പരവൂരിലെ കുടുംബവീട്ടിലെത്തിച്ചു. കുടുംബവീടിന് എതിർവശത്തായി പ്രത്യേക പന്തലിട്ടാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്. വൈകിട്ട് ആറരയോടെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ അന്ത്യകർമ്മങ്ങൾ നടന്നു.
മന്ത്രി കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ.അറിവഴകൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, എം.പിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എൻ.കെ.പ്രേമചന്ദ്രൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാഹുൽ മാങ്കൂട്ടത്തിൽ, മാത്യു കുഴൽനാടൻ, പി.സി.വിഷ്ണുനാഥ്, പി.എസ്.സുപാൽ, എം.വിൻസെന്റ്, മേയർ ഹണിബഞ്ചമിൻ, മുതിർന്ന സി.പി.എം നേതാവ് പി.കെ.ഗുരുദാസൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കാഷ്യു കോപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കേരളകൗമുദിക്കുവേണ്ടി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.