വീട് സ്ത്രീകളുടെ പേരിലാണോ? എങ്കില്‍ ഈ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം

Thursday 17 July 2025 9:56 PM IST

സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതിനായി ബാങ്ക് വായ്പയെടുക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഹോം ലോണ്‍ അപേക്ഷിക്കാനായി പോകുമ്പോള്‍ മുതല്‍ പലര്‍ക്കും അറിയാത്തതും എന്നാല്‍ നിരവധി ഗുണങ്ങളും കിഴിവുകളും ലഭിക്കുന്ന സ്‌കീമുകള്‍ ഉണ്ടെന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഈ കിഴിവുകളും ഓഫറുകളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കിഴിവുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതല്ല. ആദ്യമായി വേണ്ടത് വീട് സ്ത്രീയുടെ പേരിലായിരിക്കുകയെന്നതാണ്.

വീട് സ്ത്രീയുടെ പേരിലാണെങ്കില്‍ പലിശ നിരക്കിലെ ഇളവ് മുതല്‍ സ്റ്റാംപ് ഡ്യൂട്ടിയില്‍ വരെ ഇളവ് ലഭിക്കും. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒന്ന് മൂതല്‍ രണ്ട് ശതമാനം വരെ ഇളവ് ലഭിക്കാറുണ്ട് വീട് നിര്‍മിക്കുന്നത് സ്ത്രീയുടെ പേരിലാണെങ്കില്‍. എന്നാല്‍ കേരളത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി സംബന്ധിച്ച കിഴിവ് ലഭ്യമല്ല. പുരുഷന്‍മാര്‍ക്ക് ആറ് ശതമാനം വരെ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുമ്പോള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് ഇത് വെറും നാല് ശതമാനം മാത്രമാണ്.

രാജ്യത്ത് ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും വനിതാ അപേക്ഷകര്‍ക്ക് ഭവനവായ്പകള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കാണ് ഇതില്‍ പ്രധാനം. സാധാരണ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഏകദേശം 0.05 ശതമാനം മുതല്‍ 0.1 ശതമാനം വരെ കുറഞ്ഞ പലിശയില്‍ വായ്പ കിട്ടുന്നു. ദീര്‍ഘകാല തിരിച്ചടവ് നിരക്ക് പരിശോധിക്കുമ്പോള്‍ ഈ ഇളവ് വളരെ വലിയ നേട്ടമാണ് ഉപഭോക്താവിന് സമ്മാനിക്കുന്നത്.

ആദായ നികുതി തിരിച്ചടവിന്റെ കാര്യത്തിലും ഇളവുകള്‍ ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാല്‍ മുകളില്‍ പറഞ്ഞ ആനൂകൂല്യങ്ങള്‍ ലഭിക്കുന്നത് നിങ്ങള്‍ വായ്പയെടുക്കുന്ന ബാങ്കിന്റെ പോളിസി, ഏത് സ്‌കീമിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്, സംസ്ഥാന സര്‍ക്കാരുകളുടെ നയം എന്ത് എന്നതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാകും നിശ്ചയിക്കപ്പെടുക.