ഗതാഗതക്കുരുക്ക് യാത്ര മുടക്കി പാലിയേക്കര ടോളിൽ പ്രതിഷേധിച്ച് വർഗീസ് ജോസ്

Friday 18 July 2025 12:09 AM IST

തൃശൂർ: ഗതാഗതക്കുരുക്കിൽപ്പെട്ട് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് പാലിയേക്കര ടോൾ ബൂത്തിൽ വ്യവസായിയുടെ പ്രതിഷേധം. എൻ.ടി.സി ഗ്രൂപ്പ് എം.ഡി വർഗീസ് ജോസാണ് പ്രതിഷേധിച്ചത്. തൃശൂരിൽ നിന്ന് പേരാമ്പ്രയിലേക്കുള്ള യാത്രയ്‌ക്കിടെ കഴിഞ്ഞ ദിവസമാണ് വർഗീസ് ജോസ് ദേശീയപാതയിൽ രണ്ട് മണിക്കൂർ കുടുങ്ങിയത്. ഭാര്യാപിതാവിന്റെ സഹോദരന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു.

കുരുക്കിൽപ്പെട്ടതോടെ ചടങ്ങിൽ പങ്കെടുക്കാനാകാതെ വർഗീസ് ജോസ് വൈകിട്ടോടെ മടങ്ങി. തുടർന്നാണ് ടോൾ പ്ലാസയിൽ പ്രതിഷേധിച്ചത്. ജീവനക്കാരോട് തന്നെ അറസ്റ്റ് ചെയ്യാൻ പറഞ്ഞ് കാർ പ്ലാസയിൽ നിറുത്തിയിടുകയായിരുന്നു. ടോൾ തരുമ്പോൾ തടസങ്ങളില്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

ജീവനക്കാർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് കുറച്ച് സമയം പ്രതിഷേധിച്ച ശേഷമാണ് വർഗീസ് ജോസ് മടങ്ങിയത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയ്ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.