ട്രെയിനുകൾക്ക് രക്ഷാകവചം ആദ്യം എറണാകുളം- ഷൊർണൂർ പാതയിൽ കൂട്ടിയിടി ഒഴിവാകും, ലെവൽക്രോസിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള 'കവച്' സുരക്ഷ കേരളത്തിനും. എറണാകുളം സൗത്ത്- ഷൊർണൂർ ജംഗ്ഷൻ 106.8കി.മി പാതയിൽ 'കവച്' ഒരുക്കാനുള്ള കരാർ കെ-റെയിൽ- എസ്.എസ്.റെയിൽ കൺസോർഷ്യത്തിന് ലഭിച്ചു. 105.8കോടിയാണ് ചെലവ്. 18മാസംകൊണ്ട് പൂർത്തിയാക്കും. പാതയിൽ ഒപ്ടിക്കൽ ഫൈബർ കേബിളുകളും ടവറുകളും സ്ഥാപിക്കാനും യന്ത്രങ്ങൾ വാങ്ങാനും പ്രോഗ്രാമിംഗ് നടത്തി 'കവച്' സംവിധാനം കമ്മിഷൻ ചെയ്യാനുമുള്ള ചുമതലയാണ് കെ-റെയിലിനെന്ന് ഡയറക്ടർ വി.അജിത്കുമാർ പറഞ്ഞു.
ട്രെയിൻ സുരക്ഷയ്ക്ക് 2012ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'കവച്' ദക്ഷിണ റെയിൽവേയിൽ 2261കി.മി പാതയിലാണ് സജ്ജമാക്കുക. 'കവച്' വരുന്നതോടെ ലോക്കോപൈലറ്റ് ഉറങ്ങിപ്പോയാലോ സമയത്ത് ബ്രേക്കിംഗ് നടത്തിയില്ലെങ്കിലോ സിഗ്നലുകൾ അവഗണിച്ചാലോ ട്രെയിൻ സ്വയം നിൽക്കും. ട്രെയിനുകൾക്ക് അടിവശത്തും റെയിൽപാളങ്ങൾക്കിടയിലുമാണ് 'കവച്' സ്ഥാപിക്കുക. സെൻസറുകളും ജി.പി.എസ്-വാർത്താവിനിമയ സംവിധാനങ്ങളുമടങ്ങിയതാണിത്. ട്രെയിനുകൾ കൂട്ടിമുട്ടാനുള്ള സാദ്ധ്യത കണ്ടെത്തി സ്വമേധയാ തടയും. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനാണ് വികസിപ്പിച്ചത്.
എറണാകുളം- വള്ളത്തോൾ നഗർ വരെ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനു പിന്നാലെയാണ് 'കവച്' വരുന്നത്. സിഗ്നലിംഗ് കരാർ കെ-റെയിൽ ആർ.വി.എൻ.എൽ സഖ്യത്തിനാണ്. എറണാകുളം-തിരുവനന്തപുരം പാതയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് ഏർപ്പെടുത്തിയ ശേഷമാവും 'കവച്' വരിക.
എണ്ണവും വേഗവും കൂടും
ഓട്ടോമാറ്റിക് സിഗ്നലിനൊപ്പം 'കവച്' കൂടി വരുന്നതോടെ ട്രെയിനുകളുടെ എണ്ണവും വേഗവും കൂട്ടാനാവും.
ചുവപ്പ് സിഗ്നൽ മറികടന്നാലടക്കം ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും. ലൈവൽക്രോസിനടുത്ത് ഓട്ടോ വിസിലിംഗ്.
'കവച്' ഫലപ്രദമാവണമെങ്കിൽ ഒരേദിശയിൽ വരുന്ന 2ട്രെയിനുകളിലും സംവിധാനമുണ്ടാവണം.
കാലാവസ്ഥയാൽ കാഴ്ചമറയുന്ന അവസ്ഥയിലും ലോക്കോപൈലറ്റിന് എൻജിൻ ക്യാബിനിൽ ശരിയായ സിഗ്നലുകൾ ലഭിക്കും.
ചെലവ് ഒരുകോടി
ഒരു കിലോമീറ്ററിന് ഒരുകോടിക്കടുത്താണ് 'കവച്' ഒരുക്കാനുള്ള ചെലവ്. 1465കിലോമീറ്റർ പാതയിൽ സംവിധാനമുണ്ട്. 3000കിലോമീറ്ററിൽ ഉടൻവരും. ഓട്ടോമാറ്റിക് സിഗ്നലുള്ള പാതയിലെല്ലാം 'കവച്' നിർബന്ധമാക്കിയിട്ടുണ്ട്.
''കേരളത്തിൽ ആദ്യമായാണ് കവച് സുരക്ഷയൊരുങ്ങുന്നത്. ചെന്നൈയിൽ രണ്ടിടത്ത് പണികൾ നടക്കുന്നുണ്ട്.''
-വി.അജിത്കുമാർ,
ഡയറക്ടർ, കെ-റെയിൽ