പൊലീസിന് ഭീഷണി : ടിപ്പർ ഡ്രൈവർ അറസ്റ്റിൽ
പത്തനംതിട്ട : യൂണിഫോം ഇടാതെയും സിഗ്നൽ തെറ്റിച്ചും ടിപ്പർ ഓടിച്ചതിന്റെ ചിത്രം പകർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ഡ്രൈവർ അറസ്റ്റിൽ. തിരുവല്ല നെടുമ്പ്രം അമിച്ചകരി വളക്കോട്ട് വീട്ടിൽ കെ.ടി.രാജേഷ് (48) ആണ് പിടിയിലായത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. ട്രാഫിക് എസ് ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർ എസ്.സന്തോഷ് ആണ് കേസെടുത്തത്. മുത്തൂർ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ്.സി.പി.ഓ ബി.ശ്രീജിത്തിനാണ് ഇയാളിൽ നിന്ന് ഭീഷണിയും അസഭ്യവർഷവുമുണ്ടായത്. 12 നും 14നും ഇതാവർത്തിച്ച ഡ്രൈവർ, പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ പകർത്തുകയും, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ ആർ.സി വിവരങ്ങൾ പരിശോധിച്ചാണ് ഡ്രൈവറെകുറിച്ചു പൊലീസ് മനസിലാക്കിയത്.