നഴ്‌സിംഗിന് പ്രിയമേറുന്നു
നഴ്സിംഗിന് ലോകത്താകമാനം സാദ്ധ്യതകൾ വർധിച്ചു വരുന്നതായി ഇന്റർനാഷണൽ കൗൺസിൽ ഫോർ നഴ്‌സസിന്റേയും ഫ്‌ളോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നു.എല്ലാ രാജ്യങ്ങളിലും നഴ്‌സിംഗ് ബിരുദധാരികൾക്ക് അവസരങ്ങളുണ്ട്. ബി.എസ്.സി നഴ്‌സിംഗിനാണ് അവസരങ്ങളേറെയും.പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.
നീറ്റ് സ്കോറും നഴ്സിംഗ് പ്രവേശനവും
ദേശീയ തലത്തിൽ നഴ്‌സിംഗ് പ്രവേശനത്തിന് നീറ്റ് പരീക്ഷ സ്‌കോറുകൾ ആവശ്യമാണ്. മിലിറ്ററി നഴ്‌സിംഗ് കോളേജുകളും ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും നീറ്റ് സ്‌കോറിലൂടെ അഡ്മിഷൻ നൽകിവരുന്നു. ജിപ്മർ,സി.എം.സി വെല്ലൂർ എന്നിവിടങ്ങളിൽ പ്രത്യേക പ്രവേശന പരീക്ഷകളുണ്ട്.
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി 2025- 26 വർഷത്തേക്കുള്ള മെഡിക്കൽ കൗൺസിലിംഗ് തീയതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അഖിലേന്ത്യാ തലത്തിൽ ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസിലിംഗ് 21ന് ആരംഭിക്കും. www.nic.nic.in
വിദേശാവസരങ്ങൾ
നഴ്‌സിംഗ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.സർക്കാർ,സ്വകാര്യ മേഖലകളിൽ അവസരങ്ങളേറെയുണ്ട്.ഏറെ ഉപരിപഠന സാധ്യതയുള്ള ഈ മേഖലയിൽ മികച്ച ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തൊഴിലിനും ഐ.ഇ.എൽ.ടി.എസ് /ടോഫെൽ/ OET സ്‌കോറുകൾ ആവശ്യമാണ്.ഉയർന്ന ശമ്പളം വിദേശത്തു തൊഴിൽ ചെയ്യാൻ നഴ്‌സുമാരെ പ്രേരിപ്പിക്കുന്നുണ്ട്.വിദ്യാർത്ഥികൾ പതിവായി ചോദിക്കുന്ന സംശയമാണ് വിദേശത്തു നഴ്‌സായി പ്രാക്ടീസ് ചെയ്യാൻ വിദേശത്തു തന്നെ നഴ്‌സിംഗ് പഠിക്കണോ? നഴ്‌സിംഗിന്റെ പഠനച്ചെലവ് ഇന്ത്യയിൽ കുറവാണ്. അതിനാൽ ഇന്ത്യയിൽ നിന്നും പഠനം പൂർത്തിയാക്കി വിദേശത്തു തൊഴിൽ ചെയ്യുന്നതാണ് നല്ലത്.
ബിരുദാനന്തര പ്രോഗ്രാമുകൾ
നഴ്‌സിംഗ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച ബിരുദാനന്തര പ്രോഗ്രാമുകളും തൊഴിൽ നൈപുണ്യ പ്രോഗ്രാമുകളുമുണ്ട്.മെഡിക്കൽ,സർജിക്കൽ,പീഡിയാട്രിക്‌സ്,ഗൈനക്കോളജി,കമ്മ്യൂണിറ്റി മെഡിസിൻ,പബ്ലിക് ഹെൽത്ത് തുടങ്ങി നിരവധി മേഖലകളിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്.
നിരവധി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്.ഇവയെല്ലാം കൂടുതലായി പാരാമെഡിക്കൽ മേഖലയിലാണ്. തൊഴിലവസരങ്ങൾ കൂടുതലായതിനാൽ ഉപരിപഠനത്തിനേക്കാൾ ജോലി ചെയ്യാനാണ് നഴ്‌സിംഗ് ബിരുദദാരികൾ താൽപര്യപ്പെടുന്നത്.
നഴ്‌സിംഗ് ബിരുദം പൂർത്തിയാക്കിയവർക്ക് 35 ഓളം സ്‌പെഷ്യലിറ്റി പ്രോഗ്രാമുകളുണ്ട്. ഫാമിലി നഴ്‌സിംഗ്,ജറെന്റോളോജി,വുമൺ ഹെൽത്ത്,ചീഫ് നഴ്‌സിംഗ് ഓഫീസർ,നഴ്‌സ് അഡ്മിനിസ്‌ട്രേറ്റർ,നഴ്‌സ് അറ്റോണി,ഓങ്കോളജി നഴ്‌സ്,ഇൻഫെക്ഷൻ കണ്ട്രോൾ നഴ്‌സ്,മെന്റൽ ഹെൽത്ത് നഴ്‌സ്,ഓർത്തോപീഡിക് നഴ്‌സ്,നേഴ്‌സ് അഡ്വക്കേറ്റ്,പബ്ലിക് ഹെൽത്ത് നഴ്‌സ്,പീഡിയാട്രിക് നഴ്‌സ്, എൻഡോക്രൈനോളജി,കോസ്‌മെറ്റിക്,ഫോറൻസിക്,സ്‌കൂൾ നഴ്‌സസ് മുതലായവയിൽ സ്പെഷ്യലൈസ് ചെയ്യാം.
ബി.ബി.എ @ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ടെക്‌നോളജി
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി ബെംഗളൂരു ക്യാമ്പസ്സിലേക്ക് 2025-26 ലെ ബി.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.പ്ലസ് ടു 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.അപേക്ഷ ഫീസ് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 1200 രൂപയും,പെൺകുട്ടികൾക്കും,എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും 600 രൂപയുമാണ്.സി.യു.ഇ.ടി യു.ജി സ്‌കോറും പ്രവേശനത്തിന് പരിഗണിക്കും. www.rgipt.ac.in