ശബരിമല പാതയിൽ അപകടം ; നാല് തീർത്ഥാടകർക്ക് പരിക്ക്

Friday 18 July 2025 12:26 AM IST

പമ്പ : ശബരിമല പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. മധുര സ്വദേശികളായ രാജ് കുമാർ (35), മുനിയാണ്ടി (62), അംബിക (53), കരുമലൈ (58) എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ് മിനി ബസിന്റെ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 3.45ന് എരുമേലി - പമ്പ പാതയിൽ കണമല അട്ടിവളവ് ഭാഗത്താണ് അപകടം. പരിക്കേറ്റ മറ്റുള്ളവരെ എരുമേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മധുരയിൽ നിന്ന് ദർശനത്തിനെത്തിയവരുടെ മിനി ബസും ദർശനം കഴിഞ്ഞ് മടങ്ങിയ ശിവഗംഗാ ജില്ലയിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ച ബസുമാണ് അപകടത്തിൽപെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മിനിബസ് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്സും ജെ.സി.ബി ഉപയോഗിച്ച് വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.