അപകടം ഒഴിവാക്കാൻ എ.ബി.സി : കെ.എസ്.ഇ.ബിക്ക് മെല്ലപ്പോക്ക്

Friday 18 July 2025 12:28 AM IST

പത്തനംതിട്ട : തൊട്ടാൽ ഷോക്കടിക്കാത്തതും മരങ്ങൾ ഒടിഞ്ഞുവീണാൽ പൊട്ടാത്തതുമായ വൈദ്യുതി ലൈൻ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ആരംഭിച്ച ഏരിയ ബണ്ടിൽഡ് കേബിൾ (എ. ബി.സി) പദ്ധതി ജില്ലയിൽ പാതിപോലുമായില്ല. കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച് ഷോക്കേറ്റ് മരിച്ച സംഭവം മുന്നിൽ നിൽക്കെ, പദ്ധതി വേഗത്തിൽ ജില്ലയിൽ നടപ്പാക്കാൻ സാധന സാമഗ്രികൾ എത്തേണ്ടതുണ്ട്. അലുമിനിയം കമ്പികൾക്ക് പകരം കറുത്ത കട്ടിയേറിയ ആവരണമുള്ള കേബിളുകൾ ഉപയോഗിച്ചുള്ള വൈദ്യുതി വിതരണമാണ് എ.ബി.സി പദ്ധതിയിലൂടെ സാധ്യമാക്കുന്നത്. ഇത്തരം കേബിളുകളുടെയും പോസ്റ്റിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങളുടെയും സ്റ്റോക്ക് കുറവാണ്. കാറ്റിലും മഴയിലും ജില്ലയിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണും പോസ്റ്റുകൾ മറിഞ്ഞും അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഉയർന്ന ഭാഗങ്ങളിൽ വീടും സ്കൂളും വശങ്ങളിലെ താഴ്ചയിൽ റോഡും വൈദ്യുതി ലൈനുകളുമായി അപകടഭീഷണിയായ സ്ഥലങ്ങൾ ജില്ലയിൽ നിരവധിയുണ്ട്. ഇത്തരം കേബിളുകളിൽ ചവിട്ടായാലും ഷോക്കേൽക്കില്ല. ഒരു ക്വിന്റൽ വരെ ഭാരം വീണാലും പൊട്ടില്ല. വർഷങ്ങളായി ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം കോടികളാണ്. ഇതിനു പരിഹാരമായിട്ടാണ് എ.ബി.സി പദ്ധതി തുടങ്ങിയത്.

എ.ബി.സി പദ്ധതി

ഏരിയ ബണ്ടിൽഡ് കേബിൾ പദ്ധതിയിലൂടെ അപകടരഹിതമായ വൈദ്യുതി വിതരണം വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നു. ഇതിനായി ഇൻസുലേറ്റഡ് കേബിളുകളാണ് ഉപയോഗിക്കുന്നത്. ജില്ലയിൽ 2022ൽ പദ്ധതി തുടങ്ങിയെങ്കിലും പിന്നിട്ടത് 35 ശതമാനം മാത്രമാണ്. 2027ൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.

കഴിഞ്ഞ മേയിൽ വേനൽ മഴയിലുണ്ടായ നഷ്ടം

78 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.

161 സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു.

ജില്ലയിൽ ഹൈടെൻഷൻ വൈദ്യുതി ലൈനുകളുള്ള മേഖലകളിൽ പണികൾ പുരോഗമിക്കുന്നുണ്ട്. മഴ കാരണമാണ് വൈകുന്നത്.

കെ.എസ്.ഇ.ബി അധികൃതർ