പട്ടയ ഭൂമിയിലെ നിയമലംഘനങ്ങളിൽ നടപടിയില്ലാത്തതെന്ത്

Friday 18 July 2025 12:51 AM IST

□സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ വ്യവസ്ഥ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അംഗീകരിക്കുമ്പോഴും അതിനെതിരെ നിയമ നടപടികളുണ്ടാകാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി.

ഇത്തരം പ്രവർത്തനങ്ങൾ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി നൽകാനുള്ള നടപടികൾ തുടരുകയാണെന്നാണ് സർക്കാർ പറയുന്നത്. ഇതിനായി നിയമം കൊണ്ടുവരുമെന്നും വിശദീകരിക്കുന്നു. എന്നാൽ നിലവിൽ നടപടികളൊന്നും ഉണ്ടാകാത്തതെന്താണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ മറുപടിക്ക് സമയം തേടിയതിനെ തുടർന്ന് വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി. പട്ടയഭൂമിയിലെ വ്യവസ്ഥ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ പരിശോധിക്കാൻ സംസ്ഥാന, ജില്ലാ, താലൂക്ക് തലത്തിൽ കമ്മിറ്റികൾ വേണ്ടി വരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പട്ടയ, രജിസ്‌ട്രേഷൻ വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അനുമതിയോ സർട്ടിഫിക്കറ്റുകളോ നൽകരുതെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മണ്ണുത്തിയിലെ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പൊതുതാത്പര്യ ഹർജിയാണ് പരിഗണനയിലുള്ളത്.