കായികാദ്ധ്യാപകരുടെ കണ്ണീരുകാണാൻ ആളില്ല!

Thursday 17 July 2025 11:05 PM IST

തിരുവനന്തപുരം : കായികരംഗത്ത് കേരളത്തിന് കാലിടറുന്നു എന്ന പരിവേദനം മുഴങ്ങുമ്പോഴും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനത്തെ സ്കൂളുകളിലെ കായികാദ്ധ്യാപകരുടെ അവസ്ഥ പരിതാപകരം. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പടുത്തിയ ആദ്യ സംസ്ഥാനമായ കേരളത്തിൽ പക്ഷേ ആവശ്യത്തിന് കായികാദ്ധ്യാപകരില്ലെന്നതാണ് യാഥാർത്ഥ്യം. പുതിയ നിയമനങ്ങൾ നടക്കുന്നില്ലെന്നുമാത്രമല്ല കുട്ടികൾ കുറഞ്ഞതിന്റെ പേരിൽ ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ ഇന്റഗ്രേറ്റഡ് സബ്ജക്ടായും അഞ്ചുമുതൽ പത്തുവരെ ക്ളാസുകളിൽ പാഠപുസ്തകവും മൂന്നുടേമിലും തിയറിയും പ്രാക്ടിക്കലും പരീക്ഷകൾ ഉൾപ്പടെ പാഠ്യപദ്ധതിയായും 11,12 ക്ളാസുകളിൽ കായിക വിദ്യാഭ്യാസ പീരീയഡുകളായും ആരോഗ്യകായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് കാര്യക്ഷമമായി നടപ്പിലാക്കാനുള്ള അദ്ധ്യാപകരില്ല. സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ കൂട്ടത്തിൽ ഒരു വിഭാഗം മാത്രമാണ് ഇപ്പോൾ കായികാദ്ധ്യാപകർ. എന്നാൽ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും ഈവർഷം പ്രഖ്യാപിച്ച ദേശീയ കായികനയത്തിലും സ്കൂൾ തലത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കായിക-ആരോഗ്യ വിഭ്യാഭ്യാസം ലഭ്യമാക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

അദ്ധ്യാപകനില്ലാതെ കായിക വിദ്യാഭ്യാസം

  • സ്കൂൾ കാലഘട്ടം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും കായിക അദ്ധ്യാപകരുടെ സാന്നിദ്ധ്യമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ.
  • സംസ്ഥാനത്തെ എൽ.പി സ്കൂളുകളിൽ ഒന്നിൽപ്പോലും കായികാദ്ധ്യാപകരുടെ തസ്തികയില്ല.
  • 500 കുട്ടികൾ തികച്ചില്ലാത്ത യു.പി സ്കൂളുകളിലും കായികഅദ്ധ്യാപകരെ നിയമിക്കില്ല. നേരത്തേ നിലവിലെ കായികഅദ്ധ്യാപകരെ ക്ളബിംഗിലൂടെ രണ്ടും മൂന്നും സ്കൂളുകളിലേക്ക് നിയമിച്ചിരുന്നതും അവസാനിപ്പിച്ചു.
  • 86 ശതമാനം യു.പി സ്കൂളുകളിലും കായികാദ്ധ്യാപകർ ഇല്ലാത്ത സ്ഥിതിയാണ്.
  • 45 ശതമാനം ഹൈസ്കൂളുകളിൽ മാത്രമാണ് കായിക അദ്ധ്യാപകരുള്ളത്. പത്താം ക്ളാസിൽ പീരിയഡുണ്ടെങ്കിലും തസ്തിക നിർണയത്തിൽ അത് പരിഗണിക്കില്ല.
  • പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ കോളേജുകളിൽ കായികഅദ്ധ്യാപക തസ്തിക കുറച്ചു. എന്നാൽ ഹയർ സെക്കൻഡറിയിൽ ഇതുവരെ കായിക അദ്ധ്യാപക തസ്തിക അനുവദിച്ചിട്ടുമില്ല.

വേതനത്തിലും വേർതിരിവ്

പഠപ്പിക്കുന്നത് ഹൈസ്കൂളിലാണെങ്കിലും തങ്ങൾക്ക് എൽ.പി/യു.പി അസിസ്റ്റന്റിന്റെ ശമ്പളമാണ് ലഭിക്കുന്നതെന്ന് കായികാദ്ധ്യാപകർ പറയുന്നു. ഒന്നാം ക്ളാസുമുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകളിൽ എല്ലാ കുട്ടികളെയും കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് ഹൈസ്കൂളിലെ കായികാദ്ധ്യാപകരുടെ ചുമതലയാണ്. സ്കൂളിന്റെ അച്ചടക്കപരിപാലനത്തിലും മുന്നിട്ടിറങ്ങേണ്ടിവരുന്നത് കായിക അദ്ധ്യാപകരാണ്. സ്കൂൾ തലംമുതൽ സംസ്ഥാന തലംവരെയുള്ള കായികമേളകളുടെ നടത്തിപ്പും ഇവരുടെ ചുമലിൽതന്നെ.

പ്രതിഷേധവുമായി സംഘടന

കായികാദ്ധ്യാപകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി പ്രതിഷേധരംഗത്താണ് സംയുക്ത കായികാദ്ധ്യാപക സംഘടന. കഴിഞ്ഞദിവസം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു.

ലഹരിക്കെതിരെ വലിയ പോരാട്ടം നടക്കുന്ന ഈ സമയത്ത് ശരിയായ ആരോഗ്യ ശീലങ്ങളുള്ള തലമുറയെ വാർത്തെടുക്കാൻ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കായികാദ്ധ്യാപകരെ നിയമിക്കുകയും വേതനത്തിലെ വേർതിരിവ് അവസാനിപ്പിക്കുകയും വേണം. - ഷിഹാബുദ്ദീൻ, സംയുക്ത കായികാദ്ധ്യാപക സംഘടന കൺവീനർ