അതിസമ്പന്നർക്ക് ലാഭവിഹിത പെരുമഴ
പത്ത് ബിസിനസ് ഗ്രൂപ്പുകൾക്ക് ലഭിച്ചത് 40,000 കോടി രൂപ
കൊച്ചി: അംബാനി, അദാനി ഉൾപ്പെടെയുള്ള പത്ത് ബിസിനസ് കുടുംബങ്ങൾക്ക് ലാഭ വിഹിത ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 40,000 കോടി രൂപ. സാമ്പത്തിക മേഖലയിലെ ഉണർവിന്റെ കരുത്തിൽ ലാഭവും ധന ശേഖരവും കൂടിയതോടെയാണ് രാജ്യത്തെ മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളെല്ലാം ഓഹരി ഉടമകൾക്ക് റെക്കാഡ് ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതിന്റെ വലിയ ശതമാനം നേട്ടവും പ്രൊമോട്ടർ ഗ്രൂപ്പുകൾക്കാണ് ലഭിച്ചത്. ടെക്നോളജി മുതൽ ടെലികോം മേഖലയിൽ വരെ പ്രവർത്തിക്കുന്ന കമ്പനികൾ ഇത്തവണ ഉയർന്ന തുകയാണ് ലാഭവിഹിതമായി നൽകിയത്.
എച്ച്.സി.എൽ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറിനാണ് ലാഭവിഹിത ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന തുക ലഭിച്ചത്. ശിവ് നാടാർക്ക് 9,902 കോടി രൂപയാണ് ലാഭവിഹിതം ലഭിച്ചത്. ഓഹരി ഒന്നിന് 60 രൂപ വച്ച് മൊത്തം 16,290 കോടി രൂപയുടെ ലാഭവിഹിതമാണ് കമ്പനി നൽകിയത്. നാടാർ കുടുംബത്തിന് എച്ച്.സി.എല്ലിൽ 60.81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
വേദാന്തയുടെ പ്രൊമോട്ടറായ അനിൽ അഗർവാളിനും കുടുംബത്തിനും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 9,591 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്.
ഉയർന്ന ലാഭവിഹിതം നേടിയ കുടുംബങ്ങൾ
ഗ്രൂപ്പ് : തുക
എച്ച്.സി.എൽ : 9,902 കോടി രൂപ
വേദാന്ത : 9,591 കോടി രൂപ
അസിം പ്രേംജി : 4,570 കോടി രൂപ
മുകേഷ് അംബാനി : 3,655 കോടി രൂപ
ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ : 2,469 കോടി രൂപ
എയർടെൽ സുനിൽ മിത്തൽ : 2,357 കോടി രൂപ
ഇൻഫോസിസ് പ്രൊമോട്ടേർസ്: 2,331 കോടി രൂപ
ദിലീപ് സാങ്ങ്‌വി സൺ ഫാർമ്മ : 2,091 കോടി രൂപ
ബജാജ് ഓട്ടോ പ്രൊമോട്ടേർസ് : 1,645 കോടി രൂപ
ഗൗതം അദാനി : 1,460 കോടി രൂപ