സൗത്ത് ഇന്ത്യൻ ബാങ്കിന് 321.95 കോടി രൂപ അറ്റാദായം
ബാങ്കിന്റെ മൊത്തം ബിസിനസ് 2.02 ലക്ഷം കോടി രൂപയായി
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ 321.95 കോടി രൂപയുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് മികച്ച പ്രകടനം കാഴ്‌ചവച്ചു. മുൻ വർഷം ഇതേ കാലയളവിനേക്കാൾ അറ്റാദായത്തിൽ 9.46 ശതമാനം വർദ്ധനയുണ്ടായി. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് ചരിത്രത്തിലാദ്യമായി 2.02 ലക്ഷം കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 672.20 കോടി രൂപയായി ഉയർന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 4.50 ശതമാനത്തിൽ നിന്നും 3.15 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനമായും കുറച്ചു. റീട്ടെയ്ൽ നിക്ഷേപം 9.65 ശതമാനം വളർച്ചയോടെ 1,09,368 കോടി രൂപയായി. പ്രവാസി നിക്ഷേപം 7.27 ശതമാനം ഉയർന്ന് 32,293 കോടി രൂപയിലെത്തി.
കോർപ്പറേറ്റ്, ഭവന, വാഹന, സ്വർണ വായ്പകളിൽ വളർച്ച നേടിയതിനൊപ്പം ലാഭക്ഷമത ഉറപ്പാക്കിയതുമാണ് നേട്ടമായതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രി പറഞ്ഞു.