മജിസ്ട്രേറ്റ് കോടതി നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി

Friday 18 July 2025 12:57 AM IST
നവീകരിച്ച കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനംകൊല്ലം ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: പന്മന സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ പ്രവർത്തിച്ചുവന്നിരുന്ന ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറ്റമുക്കിന് സമീപം നവീകരിച്ച കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. നവീകരിച്ച കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം കൊല്ലം ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് നിർവഹിച്ചു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ചവറ കുടുംബ കോടതി ജഡ്ജ് ഉദയകുമാർ , കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വി.നൈന എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ചവറ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശാ കോശി, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.പി. ജബ്ബാർ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല, അഡ്വ. ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. ചവറ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.അനീഷ് സ്വാഗതവും ഡി. ഹരിപ്രസാദ് നന്ദിയും പറഞ്ഞു.