അമേരിക്കൻ മലയാളി വ്യവസായി ഡോ. അനിരുദ്ധൻ അന്തരിച്ചു

Friday 18 July 2025 12:12 AM IST

തിരുവനന്തപുരം : അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റുമായ കൊല്ലം ഓച്ചിറ കൊട്ടയ്ക്കാട് വീട്ടിൽ ഡോ.എം.അനിരുദ്ധൻ (82) അന്തരിച്ചു. എസ്.മാധവന്റെയും കല്യാണിയുടെയും മകനാണ്. നോർക്ക ഡയറക്ടർ ബോർഡിലും ലോക കേരള സഭയിലും അംഗമായിരുന്നു. അമേരിക്കയിലെ എസെൻ ന്യൂട്രീഷ്യൻ കോർപറേഷന്റെ സ്ഥാപകനാണ്. ഇന്നലെ വൈകിട്ട് 6.30തോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചിക്കാഗോയിൽ നടക്കും. ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ : ഡോ.അനൂപ് (തിരുവനന്തപുരം മെഡിക്കൽ കോളേജ്), അരുൺ (എസെൻ ന്യൂട്രീഷ്യൻ കോർപറേഷൻ).

അരനൂറ്റാണ്ടിലേറെയായി ചിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹം അമേരിക്കയിൽ കേരളത്തിന്റെ ശബ്ദമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ്. രസതന്ത്രത്തിൽ പി.എച്ച്.ഡിക്കാണ് 1973ൽ അമേരിക്കയിലെത്തിയത്. ടെക്‌സസിലെ എ.ആൻഡ് എം സർവകലാശാലയിൽ ആണവ രസതന്ത്രം അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി എടുത്തു.