വൈഭവിയുടെ സംസ്കാരം ഷാർജയിൽ നടത്തി

Friday 18 July 2025 12:18 AM IST

കൊല്ലം: ഷാർജയിലെ ഫ്ലാറ്റ് മുറിയിൽ അമ്മ വിപഞ്ചികയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരി മകൾ വൈഭവിക്ക് പ്രവാസ മണ്ണിൽ നിത്യശാന്തി. സംസ്കാരം ഇന്നലെ വൈകിട്ടോടെ ഷാർജയിൽ ഹൈന്ദവ ആചാര പ്രകാരമാണ് നടത്തിയത്. പിതാവ് നിതീഷാണ് മൃതദേഹത്തിനൊപ്പം മോർച്ചറിയിൽ നിന്ന് ശ്മശാനത്തിലേക്ക് അനുഗമിച്ചത്. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ്, നിതീഷിന്റെ ബന്ധുക്കൾ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു വിപഞ്ചികയുടെ അമ്മയുടെ ആ​ഗ്രഹം. എന്നാൽ, തനിക്ക് യാത്രാവിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് ഷാർജയിൽ തന്നെ സംസ്കരിക്കണമെന്നുമായിരുന്നു നിതീഷ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ദുബായ് കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ വിപഞ്ചികയുടെ കുടുംബം സമ്മതിച്ചത്. ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജിയിലും സംസ്കാരം സംബന്ധിച്ച് ധാരണയായി.

അതേസമയം, പോസ്റ്റ്മോർട്ടം പൂർത്തിയായ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.