നെല്ല് സംഭരണം: 100 കോടി അനുവദിച്ചു 

Friday 18 July 2025 1:18 AM IST

തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നെല്ലുസംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് തുക അനുവദിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനായാണിത്. ഈവർഷം നേരത്തെ 185 കോടി രൂപ അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ സബ്സിഡിയായിരുന്നു അത്. ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ 606 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി ഇതിനോടകം അനുവദിച്ചു.

കേന്ദ്ര സർക്കാർ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സംസ്ഥാന സർക്കാർ സബ്സിഡി വിതരണം ഉറപ്പാക്കുകയാണെന്നും നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതിയെന്നും മന്ത്രി പറഞ്ഞു.