ട്രാന. ഉദ്യോഗസ്ഥർ വിവരാവകാശ നിയമം പഠിക്കണം

Friday 18 July 2025 12:22 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പബ്ലിക്ക് ഇൻഫർമേഷൻ ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമത്തിൽ പരിശീലനം നൽകാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. അപേക്ഷകർക്ക് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ് പരിശീലനം. കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിലെ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കും, ഔദ്യോഗിക രേഖകൾ സൂക്ഷിക്കുന്ന റെക്കാർഡ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുമാണ് നിർബന്ധിത പരിശീലനം നൽകാൻ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളിൽ പരിശീലനം നൽകിയശേഷം കെ.എസ്.ആർ.ടി.സി എം.ഡി ഇക്കാര്യം കമ്മിഷന് റിപ്പോർട്ട് ചെയ്യണം.