അനധികൃത ബോർഡ്: സർവകക്ഷിയോഗം വിളിക്കാത്തതെന്തെന്ന്
കൊച്ചി: പൊതുസ്ഥലങ്ങളിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് അവസാനിപ്പിക്കാൻ എന്തുകൊണ്ട് സർക്കാർ സർവകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. അനധികൃതബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുളള പാർട്ടികളാണ് നിയമലംഘനത്തിൽ മുമ്പിൽ നിൽക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. അതിനാലാണ് സർവകക്ഷിയോഗം വിളിക്കാൻ നിർദ്ദേശിക്കുന്നത്.ഇക്കാര്യത്തിൽ കോടതി എന്തെങ്കിലും പറഞ്ഞാൽ കൊടിയുടെ നിറത്തിന്റെ പേരിൽ കൂലിപ്പട്ടാളം ആക്രമിക്കാനിറങ്ങുന്നതാണ് അവസ്ഥ. തിരുവനന്തപുരത്തടക്കം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ബോർഡുമുണ്ട്. ജനങ്ങൾക്ക് ഇതൊന്നും ആവശ്യമില്ല. ഹൈക്കോടതിയിലും സെക്രട്ടേറിയറ്റിലുമൊന്നും ഫ്ലക്സുകളില്ല. എന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെല്ലാം ബോർഡുകളാണെന്നും കോടതി വിമർശിച്ചു.