മഴയിൽ തളിർത്ത് വെറ്റില, വിലയിൽ ചാഞ്ചാട്ടം
കൊല്ലം: മഴക്കാലത്ത് ഉത്പാദനം കൂടിയതോടെ വെറ്റില വിലയിൽ ചാഞ്ചാട്ടം. 60 മുതൽ 80 രൂപവരെ ഒരുകെട്ട് വെറ്റിലയ്ക്ക് വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലയപുരം ചന്തയിൽ വെറ്റില വില കുറഞ്ഞത് പൊതുപണിമുടക്കിന്റെ തലേ ദിവസമായതുകൊണ്ടാണ്. ഉത്പാദനം കൂടുതലായതിനാൽ വലിയ വിലകൊടുത്ത് വെറ്റില വാങ്ങിവച്ചിട്ട് ഒരു ദിവസം വിപണി അടഞ്ഞുകിടന്നാൽ മൊത്ത വ്യാപാരികളും നഷ്ടത്തിലാകും.
വേനൽക്കാലത്ത് വെള്ളം നനച്ച് സംരക്ഷിച്ച വെറ്റക്കൊടികളാണ് ഇപ്പോൾ നിറയെ തളിർത്ത് ഇല നൽകുന്നത്. വരുന്ന ഓണക്കാലംവരെ ഈ നിലയിൽ ഉത്പാദനം നടക്കും. വില കൂടിയും കുറഞ്ഞുമാണ് മുന്നോട്ട് പോവുക. എന്നാൽ വില കുത്തനെ ഇടിഞ്ഞാലാണ് കർഷകർ ദുരിതത്തിലാവുക.
ആഴ്ചയിൽ രണ്ട് ദിവസമാണ് വെറ്റില നുള്ളിയെടുക്കുന്നത്. പുത്തൂർ, കലയപുരം, പറക്കോട്, പത്തനാപുരം ചന്തകളിലാണ് കൊല്ലം ജില്ലയിലുള്ള കർഷർ വെറ്റില വിൽക്കുന്നത്. സ്വാശ്രയ കാർഷിക വിപണികളിൽ എത്തിക്കുന്നത് മൊത്തക്കച്ചവടക്കാരെ ലക്ഷ്യംവച്ചല്ല. പ്രാദേശിക കച്ചവടക്കാരാണ് വാങ്ങുന്നത്. വെറ്റില നുള്ളിയെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. ഉയരമുള്ള കൊടികളിൽ ഏണിവച്ച് കയറിയാണ് ഇല നുള്ളുന്നത്. തുടർന്ന് അടുക്കും. 80 വെറ്റില അടുക്കുന്നതാണ് ഒരു കെട്ട്. 20 വീതമുള്ള അടുക്കുകളാക്കിയാണ് ചിലർ കെട്ടുന്നത്.
ചൂഷകർ ഇടനിലക്കാർ
ചില ഘട്ടങ്ങളിൽ വില കുത്തനെ ഇടിയും. ഒരു കെട്ട് വെറ്റിലയ്ക്ക് അഞ്ച് രൂപയിൽ താഴെവരെ വന്നിട്ടുണ്ട്. മിനക്കേട് കൂലി പോലും കിട്ടാതെ കർഷകർ ചന്തയിൽ തന്നെ വെറ്റില ഉപേക്ഷിച്ച് മടങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പുത്തൂരും കലയപുരത്തും ചന്തയിൽ വെറ്റില കൂട്ടിയിട്ട് കത്തിച്ച സംഭവവും നടന്നു. എതിരഭിപ്രായം ഉയർന്നതോടെ ഇപ്പോൾ ഡീസലൊഴിച്ച് നശിപ്പിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമാണ് പലപ്പോഴും വില ഇടിക്കുന്നത്.
മുറുക്കാനിൽ ഒതുങ്ങില്ല
നാലുംകൂട്ടി മുറുക്കാൻ മാത്രമല്ല വെറ്റില ഉപയോഗിക്കുന്നത്
പൂജ, ഔഷധ, പാൻമസാല നിർമ്മാണം എന്നിവയ്ക്ക് അനിവാര്യം
വെറ്റിലയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ
ഏറ്റവും വിലപിടിച്ചത് വെറ്റിലയിൽ നിന്നുള്ള ഓയിൽ
മറ്റ് സംസ്ഥാനങ്ങളിലടക്കം വൻ ഡിമാൻഡ്
മുമ്പ് പാക്കിസ്ഥാനിലേക്ക് വൻതോതിൽ വെറ്റില കയറ്റുമതി
മത്സ്യബന്ധന മേഖലയിൽ വെറ്റില മുറുക്കിന് പ്രാധാന്യം
വെറ്റില വിവിധ തരത്തിൽ ഉപയോഗിക്കുമ്പോഴും വിലയിൽ സ്ഥിരതയില്ലാത്തതാണ് വലയ്ക്കുന്നത്.
കർഷകർ