ലിങ്ക് റോഡ് നാലാംഘട്ടത്തിന് പുതുരൂപരേഖ: രണ്ട് ദേശീയപാതകളെ ബന്ധിപ്പിച്ച് ബൈപ്പാസ്

Friday 18 July 2025 1:25 AM IST

കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ടം തോപ്പിൽക്കടവിലേക്ക് നീട്ടുന്നതിന് പകരം എൻ.എച്ച് 183 നെയും എൻ.എച്ച് 66നെയും ബന്ധിപ്പിക്കുന്ന ബൈപ്പാസായി വികസിപ്പിക്കാൻ ആലോചന. എം. മുകേഷ് എം.എൽ.എ മുന്നോട്ടുവച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡിസൈൻ തയ്യാറാക്കാൻ കെ.ആർ.എഫ്.ബിക്ക് കിഫ്ബി നിർദ്ദേശം നൽകി.

ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം എത്തിനിൽക്കുന്ന ഓലയിൽക്കടവിൽ നിന്ന് കടവൂർ പള്ളിക്ക് സമീപത്തേക്ക് പാലം നിർമ്മിച്ച് എൻ.എച്ച് 183 മായി ബന്ധിപ്പിക്കും. അവിടെ നിന്ന് കോട്ടയത്ത്കടവ് വഴി പാണാമുക്കത്തേക്ക് പാലം നിർമ്മിച്ച് കുരീപ്പുഴ ഭാഗത്ത് ദേശീയപാത 66മായി ബന്ധിപ്പിക്കാനാണ് ആലോചന.

ഓലയിൽക്കടവിൽ നിന്ന് ആരംഭിച്ച് തേവള്ളി പാലത്തിന് അടിയിലൂടെ തോപ്പിൽക്കടവിൽ അവസാനിക്കുന്ന തരത്തിലാണ് ലിങ്ക് റോഡ് നാലാംഘട്ടത്തിന്റെ നിലവിലെ രൂപരേഖ. ഈ രൂപരേഖ പ്രകാരം തേവള്ളി പാലവും പുതിയ പാലവും തമ്മിൽ ആവശ്യമായ അകലമില്ല, പുതിയ പാലത്തിന് ജലനിരപ്പിൽ നിന്ന് വേണ്ടത്ര അകലമില്ല തുടങ്ങിയ പ്രശ്നങ്ങൾ കിഫ്ബി ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെ ജലനിരപ്പ്, തേവള്ളി പാലം എന്നിവയുമായി ആവശ്യമായ അകലം ഉറപ്പുവരുത്തി രൂപരേഖയിൽ മാറ്റം വരുത്തിയിരുന്നു. ഇതിനിടയിൽ ദേശീയപാത 66 ആറുവരിയാകുന്നതോടെ തോപ്പിൽക്കടവിലേക്കുള്ള പാലത്തിന് പ്രസക്തിയില്ലെന്ന വാദം ഉയർത്തി. കാരണങ്ങൾ പലത് നിരത്തുമ്പോഴും തോപ്പിൽക്കടവിലേക്ക് നീട്ടാൻ വേണ്ട 195 കോടി രൂപയാണ് കിഫ്ബിയുടെ പ്രശ്നം. ഈ സാഹചര്യത്തിലാണ് ചെലവ് കുറഞ്ഞ നിർദ്ദേശം എം.എൽ.എ മുന്നോട്ടുവച്ചത്.

കുരീപ്പുഴക്കാർക്ക് ആശ്വാസം

 1.5 കിലോ മീറ്റർ വരുന്ന ലിങ്ക് റോഡ്-തോപ്പിൽക്കടവ് പാലത്തിന്റെ എസ്റ്റിമേറ്റ് 195 കോടി

 എന്നാൽ കടവൂർ പള്ളിക്ക് സമീപത്തേക്ക് നീട്ടുമ്പോൾ 580 മീറ്റർ പാലം മതി

 ഇതിന് ഏകദേശം 100 കോടിയേ ചെലവാകുള്ളു

 കോട്ടയത്ത് കടവിൽ നിന്ന് കുരീപ്പുഴ പാണാമുക്കത്തേക്കുള്ള പാലത്തിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ രൂപരേഖ പ്രകാരം 65 കോടിയേ ചെലവുള്ളു

 പാലം യാഥാർത്ഥ്യമായാൽ കുരീപ്പുഴക്കാർക്ക് നേരിട്ട് കൊല്ലത്തെത്താം

 നേരിട്ട് റോഡില്ലാത്തതിനാൽ കുരീപ്പുഴക്കാർ മുക്കാൽ മണിക്കൂറോളം ചുറ്റിക്കറങ്ങിയാണ് കൊല്ലം നഗരത്തിലെത്തുന്നത്

കോട്ടയത്ത് കടവ്-കുരീപ്പുഴ പാലം

നീളം 470 മീറ്റർ വീതി 11 മീറ്റർ

ക്യാരേജ് വേ-7.5 മീറ്റർ ഇരുവശങ്ങളിലും നടപ്പാത-1.5 മീറ്റർ നിർമ്മാണ ചെലവ് ₹ 60 കോടി സ്ഥലമേടുപ്പിന് ₹ 5 കോടി

ദേശീയപാത 66 പഴയ ബൈപ്പാസ് വഴിയായതിനൊപ്പം ആറുവരിയുമാകുന്നതോടെ കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുമെന്ന വാദം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസായി ലിങ്ക് റോഡ് നാലാംഘട്ട വികസനത്തെ മാറ്റാനുള്ള ആലോചന നടക്കുന്നത്.

എം. മുകേഷ് എം.എൽ.എ