മട്ടന്നൂരിനും ഗിരിജാദേവിക്കും സംസ്ഥാന കലാപുരസ്കാരം
Friday 18 July 2025 1:29 AM IST
തിരുവനന്തപുരം: 2023ലെ സംസ്ഥാന കലാപുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കഥകളി പുരസ്കാരം കുറൂർ വാസുദേവൻ നമ്പൂതിരി (കഥകളി ചെണ്ട), കലാമണ്ഡലം ശങ്കരവാര്യർ (കഥകളി മദ്ദളം) എന്നിവർക്കും പല്ലാവൂർ അപ്പുമാരാർ പുരസ്കാരം പ്രശസ്ത ചെണ്ട കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും കേരളീയ നൃത്തനാട്യ പുരസ്കാരം കൂടിയാട്ടം കലാകാരി കലാമണ്ഡലം പി.എൻ. ഗിരിജാദേവിക്കും ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും.
ഡോ. പി. വേണുഗോപാൽ, ഡോ. എം.വി. നാരായണൻ, മനോജ് കൃഷ്ണ, ഡോ. ടി.എസ്. മാധവൻകുട്ടി, ഡോ. എൻ.പി. വിജയകൃഷ്ണൻ, കെ.ബി. രാജാനന്ദ്, ഡോ. കെ.ജി. പൗലോസ്, കലാമണ്ഡലം ക്ഷേമാവതി, ഡോ. സുധ ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഹുസ്നബാനു എന്നിവരാണ് അവാർഡ് ജേതാക്കളെ നിർണ്ണയിച്ചത്.