കയറേണ്ടെന്ന് ഞങ്ങൾ പറഞ്ഞതാണ്
കൊല്ലം: 'ചെരുപ്പെടുക്കാനായി അവൻ സൈക്കിൾ ഷെഡിലേക്ക് ഇറങ്ങാനൊരുങ്ങിയപ്പോൾ ഞങ്ങൾ കയറല്ലേയെന്ന് പറഞ്ഞതാണ്. ടീച്ചർ കണ്ടാലോ എന്നായിരുന്നു പേടി. പക്ഷെ ഇങ്ങനെയാകുമെന്ന് കരുതിയില്ല.'' മിഥുന്റെ എട്ട് ബിയിലെ സഹപാഠി ജെ.ആർ.ജെഫി ഞെട്ടൽ മാറാതെ പറഞ്ഞു.
'അവൻ ഈ വർഷമാണ് സ്കൂളിൽ വന്നത്. ഫുട്ബാൾ താരമാകണമെന്നായിരുന്നു അവന്റെ സ്വപ്നം. ഇന്നലെ സ്കൂളിൽ ഫുട്ബാൾ, ഷട്ടിൽ ടീം സെലക്ഷനായി ജഴ്സിയിട്ടാണ് അവൻ വന്നത്. ഞങ്ങളുടെ ക്ലാസിൽ ആകെ 23 പേരെയുള്ളു. ഞങ്ങൾക്കെല്ലാം അവനെ വലിയ ഇഷ്ടമായിരുന്നു.'' ഇങ്ങനെ പറഞ്ഞുനിറുത്തുമ്പോൾ ജെഫിയുടെ കണ്ണ് നിറഞ്ഞിരുന്നു.
ഞങ്ങൾ ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് നടന്നുവരികയായിരുന്നു. പെട്ടെന്ന് നിലവിളി കേട്ട് നോക്കിയപ്പോൾ സൈക്കിൾ ഷെഡിന് മുകളിൽ ലൈൻ കമ്പിയിൽ ഒരു കൂട്ടി കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. അവിടേക്ക് ഓടിയെത്തിയപ്പോൾ പി.ടി സാർ അവനെ എടുക്കുന്നതാണ് കണ്ടത്. പിന്നീടാണ് അത് മിഥുനാണെന്ന് അറിഞ്ഞത്.
വിഷ്ണുലാൽ, പത്താം ക്ലാസ് വിദ്യാർത്ഥി
തേവലക്കര ബോയ്സ് എച്ച്.എസ്