അക്ഷരം നിഷേധിച്ചവർക്കായി തുടങ്ങിയ കുടിപ്പള്ളിക്കൂടം

Friday 18 July 2025 1:35 AM IST

കൊല്ലം: അക്ഷരം നിഷേധിക്കപ്പെട്ടിരുന്ന പിന്നാക്ക വിഭാഗക്കാർക്കായി മൈനാഗപ്പള്ളി കോവൂരിലെ ഈഴവ കുടുംബമായ തെന്നൂർ വീട്ടുകാരുടെ നേതൃത്വത്തിൽ 1917ൽ ആരംഭിച്ചതാണ് ഇപ്പോൾ സി.പി.എം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ് എച്ച്.എസ്.

വർഷങ്ങൾ പിന്നിട്ടതോടെ സ്കൂൾ പ്രദേശത്തെ പ്രമാണിയായ നെടുംപുറത്ത് രാമൻപിള്ളയുടെ കൈകളിലെത്തി. നെടുംപുറത്ത് രാമൻപിള്ള മരിച്ചതോടെ മകൻ ഭാസ്കപിള്ള സ്കൂൾ ഏറ്റെടുക്കാൻ ശ്രമിച്ചു. ഇതിനെതിരെ അദ്ധ്യാപകർ കോടതിയെ സമീപിച്ചു. തർക്കപരിഹാരത്തിനായി കോടതി ഹെഡ്മിസ്ട്രസിനെ സ്കൂൾ മാനേജരായി നിയോഗിച്ചു. തർക്കം സൂപ്രീംകോടതിയിലേക്ക് നീണ്ടു. അങ്ങനെ സുപ്രീംകോടതി സ്കൂൾ നിയന്ത്രണത്തിന് ജനകീയ കമ്മിറ്റി രൂപീകരിക്കാൻ 1987ൽ നിർദ്ദേശിച്ചു. സ്കൂളിന് സമീപുള്ള മൺറോത്തുരുത്ത്, തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലെ പ്രായപൂർത്തിയായവരെ ഉൾപ്പെടുത്തി വോട്ടർപട്ടിക തയ്യാറാക്കി അതിൽ നിന്ന് ഭരണസമിതിയെ തിരഞ്ഞെടുക്കാനായിരുന്നു ഉത്തരവ്. ഈ കോടതി ഉത്തരവാണ് സ്കൂളിനെ സി.പി.എമ്മിന്റെ കൈകളിലെത്തിച്ചത്.

സി.പി.എം നേതാവായിരുന്ന സി.പി.കരുണാകരൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ആദ്യഭരണസമിതി. ഓരോ അഞ്ചുവർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അപ്പോഴെല്ലാം മരിച്ചവരെ ഒഴിവാക്കി പുതിയ വോട്ടർമാരെ ചേർക്കും. 11 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. മൂന്നര വർഷം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഇപ്പോഴുള്ളത്. അതിൽ പ്രസിഡന്റും സെക്രട്ടറിയും അടക്കം എല്ലാവരും സി.പി.എം ലോക്കൽ കമ്മിറ്റി അടക്കം വിവിധ ഘടകങ്ങളിലെ അംഗങ്ങളാണ്. തെന്നൂർ വീട്ടുകാർക്ക് പുറമേ പ്രദേശത്തെ മറ്റ് അനേകം കുടുംബങ്ങളെ ഒഴിപ്പിച്ചാണ് സ്കൂളിനുള്ള അഞ്ചേക്കർ സ്ഥലം രൂപപ്പെട്ടത്. അവർക്കെല്ലാം വെറെ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചുനൽകിയിരുന്നു.