സി.വി.പത്മരാജൻ ആദർശ രാഷ്ട്രീയത്തിന്റെ മുഖമുദ്ര: സ്വാമി സച്ചിദാനന്ദ

Friday 18 July 2025 1:36 AM IST

ശിവഗിരി: ആദർശരാഷ്ട്രീയത്തിന്റെ മുഖമുദ്ര യായിരുന്നു സി.വി.പത്മരാജനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സ്വാർത്ഥത വെടിഞ്ഞ് രാജ്യത്തെയും രാഷ്ട്രീയത്തെയും സ്നേഹിക്കുകയും എല്ലാവരുടെയും പുരോഗതിക്ക് വേണ്ടി അദ്ദേഹം നിലകൊള്ളുകയും ചെയ്തു.

ശിവഗിരി മഠത്തിന്റെ ആത്മബന്ധുവായിരുന്നു. ഒരിക്കൽ ശിവഗിരിയിൽ സങ്കീർണ്ണമായ ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ സന്യാസിസംഘത്തോട് ഒപ്പം നിന്ന് അതിശക്തമായ പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവച്ചു. ഇതിൽ ശിവഗിരിയിലെ സന്യാസിസംഘം അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. ശിവഗിരി മഹാസമാധി മന്ദിരത്തിൽ പ്രതിമാപ്രതിഷ്ഠ നടക്കുന്ന കാലയളവിൽ ആർ.ശങ്കറുടെ അനുയായിയായി എത്തി ഒരു വോളന്റിയർ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരംഭം. ഇന്ത്യൻ പ്രസിഡന്റായിരുന്ന സക്കീർ ഹുസൈൻ ശിവഗിരി സന്ദർശിച്ച വേളയിൽ വോളന്റിയർ സംഘത്തെ നയിച്ചത് സി.വി.പത്മരാജനായിരുന്നു. അദ്ദേഹം കെ.പി.സി. സി പ്രസിഡന്റ് ആയിരുന്നപ്പോഴാണ് രാജീവ് ഗാന്ധിശിവഗിരി മഠം സന്ദർശിച്ചത്. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനവുമായും ആത്മബന്ധം പുലർത്തിയിരുന്ന സി.വി.പത്മരാജന്റെ നിര്യാണം ഒരു തീരാ നഷ്ടമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംസ്കാര ചടങ്ങുകളിലും പ്രാർത്ഥനയിലും സ്വാമി പങ്കെടുത്തു.