സോളാർ വൈദ്യുതി ചട്ടങ്ങളിൽ മാറ്റം വരും

Friday 18 July 2025 1:38 AM IST

തിരുവനന്തപുരം: സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ മീറ്ററിങ് കരട് ചട്ടങ്ങളെ സംബന്ധിച്ച തെളിവെടുപ്പ് ഇന്നലെ പൂർത്തിയായി.

പുരപ്പുറ സോളാറിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് പകൽ സമയം നൽകുകയും രാത്രി അതിന് തുല്യമായ വൈദ്യുതി തിരിച്ചെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇപ്പോഴുള്ളത്. ഇത് ന്യായയുക്തമല്ലെന്ന കെ.എസ്.ഇ.ബിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ആയിരം മെഗാവാട്ടിലേറെ സോളാർ ഉൽപാദമുള്ള സാഹചര്യത്തിൽ കെ.എസ്.ഇ.ബി.യുടെ പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലാണ് റെഗുലേറ്ററി കമ്മിഷനും .

അതേ സമയം കർശനമായ നിയന്ത്രണങ്ങൾ സോളാറിൽ കൊണ്ടുവരുന്നത് പുരപ്പുറ സോളാർ ഉൽപാദന മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്.രാജ്യത്ത് പുരപ്പുറ സോളാർ ഉൽപാദനം വൻതോതിൽ വികസിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം.തെളിവെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ ലഭിച്ച അഭിപ്രായങ്ങൾ പരിശോധിച്ചും വിലയിരുത്തിയും കമ്മിഷൻ അന്തിമ ചട്ടം പ്രസിദ്ധീകരിക്കും..