സ്കൂളിന് മുന്നിൽ പ്രതിഷേധം

Friday 18 July 2025 1:41 AM IST

ചവറ: തേവലക്കര ബോയ്‌സ് സ്കൂ‌ളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധി​ച്ച് സ്‌കൂളിലേക്ക് കോൺഗ്രസ്, ബി.ജെ.പി, ആർ.എസ്.പി, മുസ്ലീം ലീഗ്, എസ്.ഡി.പി.ഐ, എ.ബി.വി.പി, കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി.

സ്കൂളിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരും നാട്ടുകാരും മെയിൻ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

കോൺഗ്രസ്, ആർ.എസ്.പി, ബി.ജെ.പി പ്രവർത്തകർ സ്കൂൾ മാനേജ്മെന്റി​നും കെ.എസ്.ഇ.ബിക്കുമെതിരേ മുദ്രാവാക്യങ്ങൾ വിളിച്ച് മതിൽ ചാടിക്കടന്ന് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിക്കുകയും പ്രധാന അദ്ധ്യാപി​ക, സ്ഥലത്തെത്തിയ എ.ഡി.എം, കുന്നത്തൂർ തഹസിൽദാർ എന്നി​വരെ ഉപരോധി​ക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. കൂറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന ഉറപ്പിനെ തുടർന്ന് പ്രവർത്തകർ ശാന്തരായി​.

ഇതിനിടെ ബി.ജെ.പി പ്രവർത്തകർ ഗേറ്റിന് പുറത്ത് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. വൈകിട്ടോടെ സ്ഥലത്തെത്തിയ സ്ഥലം എം.എൽ.എ കോവൂർ കുഞ്ഞുമോനേ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത് സംഘർഷമുണ്ടാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരും സ്ഥലത്തുണ്ടായി​രുന്ന സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.