വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ റെയിൽവേ സംഘം  പരപ്പനങ്ങാടിയിൽ 

Friday 18 July 2025 1:49 AM IST

മലപ്പുറം: റെയിൽവേ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി ഉദ്യോഗസ്ഥ സംഘം പരപ്പനങ്ങാടിയിലെത്തി . വ്യാഴാഴ്ച രാവിലെ 11ഓടെ എം.പി. അബ്ദുൾ സമദ് സമദാനി എം.പിയോടൊപ്പം ഡി.ആർ.എമ്മിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയത് . വിവിധ ആവശ്യങ്ങളുന്നയിച്ച് മുനിസിപ്പൽ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ​ ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.

ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പെട്ടെന്ന് എത്തിച്ചേരാനായി, കെട്ടിയ മതിൽ പൊളിച്ച് മാറ്റി വഴിക്ക് സൗകര്യം ചെയ്യണമെന്ന ആവശ്യത്തോട് രണ്ട് ദിവസത്തിനകം ചെയ്ത് തരാമെന്ന് ഡിവിഷണൽ മാനേജർ ഉറപ്പ് നൽകി. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനൊപ്പം സ്ഥലത്ത് പോയി പൊളിച്ച് മാറ്റുന്ന സ്ഥലം മാർക്ക് ചെയ്ത് വഴിയൊരുക്കാനുള്ള നടപടിയെടുത്തതായും ചെയർമാൻ അവകാശപ്പെട്ടു .

നിവേദനത്തിലെ ആവശ്യങ്ങൾ

മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ, മാവേലി എ‌ക്സ്‌പ്രസ്, ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ജനശതാബ്ദി എക്സ്‌പ്രസ് തുടങ്ങി വിവിധ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണം

കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾക്ക് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.

നിർദ്ദിഷ്ട ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡിലേക്ക് റെയിൽവേയ്ക്ക് മുകളിലൂടെ ഫൂട് ഓവർ ബ്രിഡ്ജ് ഉണ്ടാക്കാനുള്ള അനുമതിയും വേണം.