വിദ്യാർത്ഥി  ഷോക്കേറ്റ്  മരിച്ച  സംഭവം;  മുഖംനോക്കാതെ  നടപടിയെന്ന് വി  ശിവൻകുട്ടി, സ്കൂളിനെ  പഴിചാരി  വെെദ്യുതി  മന്ത്രി 

Friday 18 July 2025 9:54 AM IST

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടത് അനാസ്ഥ കൊണ്ടാണെന്നും രാഷ്ട്രീയ ബന്ധം നടപടിയെ സ്വാധീനിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി ഉണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

കുട്ടി മരിച്ച സംഭവത്തിൽ സ്കൂളിനെ പഴിചാരി വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ തന്നെ ലെെൻ മാറ്റാൻ തീരുമാനിച്ചിരുന്നുവെന്നും വീഴ്ച കെഎസ്ഇബിക്കും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഷെഡ് കെട്ടിയത് തെറ്റല്ലേ, അതെന്ത് കൊണ്ടാണ് ആരും പറയാത്തത്? ഇത്തരം അപകടകരമായ വെെദ്യുതി ലെെൻ മാറ്റാൻ കഴിയാത്തത് ജനങ്ങളുടെ എതിർപ്പ് കാരണമാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

'സംഭവത്തിൽ ആരാണ് കുറ്റക്കാരെന്ന് പറയാൻ പറ്റില്ല. വിശദമായ അന്വേഷണം നടത്തണം. കവർ കണ്ടക്ടറുള്ള വയറിടൽ വലിയ ചെലവാണ്. എല്ലായിടത്തും ഇത്തരം ലെെനുണ്ട്. എല്ലാം മാറ്റിവരുന്നത് തുടരുന്നു. കുട്ടിക്ക് കയറാൻ സൗകര്യമൊരുക്കിയത് ആരാണ്?'- മന്ത്രി ചോദിച്ചു.

തേവലക്കര ബോയ്സ് എച്ച്.എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റ് ഇന്നലെ മരിച്ചത്. വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ്. സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്കൂളാണിത്. എട്ടുവർഷം മുമ്പ് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് ക്ലാസ് മുറിയോട് ചേർന്ന് വൈദ്യുതി ലൈനിന് താഴെയായി സൈക്കിൾ ഷെഡ് നിർമ്മിച്ചത്. ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം.

സംഭവത്തിൽ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. സ്‌കൂളിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും. കൂടാതെ സ്‌കൂൾ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.