ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പോയ തൃശൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Friday 18 July 2025 10:40 AM IST

തൃശൂർ: ബന്ധുക്കൾക്കൊപ്പം ഗോവയിലേക്ക് പുറപ്പെട്ട തൃശൂർ സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊടുങ്ങപാറേക്കാടൻ ബേബി തോമസിനെയാണ് (56) കർണാടകയിലെ കാർവാറിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഗോവയിലുള്ള മറ്റൊരു ബന്ധുവിന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ബേബി. ഗോവയിൽ ഇറങ്ങാനുള്ള സമയമായപ്പോൾ ബേബിയെ കാണാതെ വന്നതോടെ ബന്ധുക്കൾ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിച്ചു. കോൾ എടുത്തത് റെയിൽവേ പൊലീസായിരുന്നു. തുടർന്നാണ് മരണവിവരം അറിഞ്ഞത്. ബേബിയുടെ ഭാര്യ ജാസ്‌മിൻ കുവൈത്തിൽ നഴ്‌സാണ്. മക്കൾ - എൽറോയ്, എറിക്.