സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്ത; ഇന്ന് കാര്യം അനുകൂലം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയ്ക്ക് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. 18 കാരറ്റ് സ്വർണവിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,465 രൂപയാണ്.
ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒന്നിനായിരുന്നു. അന്ന് പവന് 72,160 രൂപയായിരുന്നു. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ഇന്ന് ഔൺസിന് 0.13 ശതമാനം ഇടിഞ്ഞ് 3,335.98 ഡോളറിലാണ് സ്വർണം വ്യാപാരം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നീക്കങ്ങളിൽ അയവ് വന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ഭാഗത്ത് നിന്ന് അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കാനുള്ള നീക്കമൊന്നും ഉണ്ടാകാത്തതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ന് വെള്ളി ഗ്രാമിന് 122 രൂപയാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.