ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി; സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

Friday 18 July 2025 11:12 AM IST

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ശേഷം രാഹുൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തി. കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമവും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച 12 വീടുകളുടെ താക്കോൽ ദാനവും കെപിസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

സ്മൃതി സംഗമത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മതമേലദ്ധ്യക്ഷന്മാർ, കെപിസി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, എംപിമാർ, എംഎൽഎമാർ, മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.