പ്രവാസികൾക്കും രക്ഷയില്ല; പുറത്തിറങ്ങാൻ പോലും പലർക്കും ഭയം, പലതിനോടും നോ പറയേണ്ടി വരുന്നതായി നിവാസികൾ

Friday 18 July 2025 12:05 PM IST

അബുദാബി: യുഎഇയിൽ വേനൽ കടുത്തതോടെ പ്രവാസികളടക്കമുള്ളവരിൽ ത്വക്ക് രോഗങ്ങൾ (എക്‌സിമ) വർദ്ധിക്കുന്നതായി റിപ്പോർട്ട്. ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച തുടങ്ങിയവയ്ക്ക് കാരണമാകുന്ന അവസ്ഥയാണിത്. ചൂട് കാലങ്ങളിലാണ് ഇത് അധികരിക്കുന്നത്.

വേനൽക്കാലത്ത് 24 ശതമാനം കൗമാരക്കാരെയും 11 ശതമാനം കുട്ടികളെയും എക്‌സിമ ബാധിക്കാറുള്ളതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നറിയപ്പെടുന്ന എക്‌സിമ പകർച്ചവ്യാധി അല്ലെങ്കിലും ഇത് മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കും. ചൊറിച്ചിൽ അമിതമാകുന്ന ഘട്ടങ്ങളിൽ ആൾക്കൂട്ടത്തിൽ പോകാനോ പാർട്ടികൾക്കും മറ്റ് ഒത്തുച്ചേരലുകൾക്കും പോകാനോ മടിക്കുന്നതായി പലരും വെളിപ്പെടുത്തുന്നു. ഇഷ്ടവസ്ത്രങ്ങളോ, ആഭരണങ്ങളോ, ക്രീമുകളോ ഉപയോഗിക്കാൻ പോലും സാധിക്കുന്നില്ലെന്നും ചിലർ പരാതിപ്പെടുന്നു.

യുഎഇയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതോടെ എക്‌സിമ കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടായതായാണ് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നത്. ചൂട് കാലത്ത് അമിതമായി വിയർക്കുന്നതും അകത്തളങ്ങളിൽ ചൂട് കൂടുന്നതും ചില തുണിത്തരങ്ങളുമാണ് ഇതിന് കാരണമായി ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നത്. വിയർപ്പ് അടിഞ്ഞിരിക്കുന്ന സ്ഥലങ്ങളിലാണ് ചൊറിച്ചിൽ കൂടുതലായി അനുഭവപ്പെടുന്നത്. തുടക്കത്തിൽ ചൊറിച്ചിൽ പോലെ തുടങ്ങിയതിനുശേഷം ചർമ്മത്തിലിത് വ്യാപിക്കും. പതിവായി ചൊറിയുന്നത് മുറിവുണ്ടാകുന്നതിന് കാരണമാവുമെന്നും ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.

പതിവായുള്ള ചർമ്മ സംരക്ഷണവും പ്രതിരോധ മാ‌ർഗങ്ങളുമാണ് എക്‌സിമ അകറ്റുന്നതിൽ പ്രധാനമെന്ന് ഡോക്‌ടർമാർ പറയുന്നു. ഇതിനായി സുഗന്ധരഹിത, സെറാമൈഡ് അടിസ്ഥാനമാക്കിയുള്ള എമോലിയന്റുകൾ (മോയിസ്‌ചറൈസറുകൾ പോലെയുള്ളവ) ദിവസത്തിൽ പല തവണ ശരീരത്ത് പുരട്ടണം. കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ അണിയാം. ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കാം. ഏറെനേരം ഷവറിന് കീഴിൽ നിൽക്കുന്നത് ചർമ്മത്തിൽ വരൾച്ച കൂടുന്നതിന് കാരണമാവും. സോപ്പിനേക്കാൾ പിഎച്ച് ബാലൻസുള്ള ക്ളെൻസറുകൾ ഉപയോഗിക്കാമെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.