'പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയി, പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; ഖേദം പ്രകടിപ്പിച്ച് ചിഞ്ചുറാണി

Friday 18 July 2025 12:52 PM IST

കൊല്ലം: തേവലക്കര സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ വീട്ടിൽ മന്ത്രി ജെ ചിഞ്ചുറാണി സന്ദർശനം നടത്തി. അപകടത്തെക്കുറിച്ച് ഇന്നലെ നടത്തിയ പരാമർശത്തിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു. പരാമർശം താൻ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയതാണെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപകരെ കുറ്റംപറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.

കളിക്കുന്നതിനിടെ സഹപാഠിയുടെ ചെരുപ്പ് അടുത്തുള്ള ഷെഡിന് മുകളിൽ വീണു. കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ടും അതെടുക്കാൻ കുട്ടി വലിഞ്ഞുകയറി. ഇതിനിടെ കാലുതെന്നി വൈദ്യുത കമ്പിയിൽ കയറിപ്പിടിച്ചു. ഇത് അദ്ധ്യാപകരുടെ കുഴപ്പമല്ല. എങ്കിലും ആർക്കെങ്കിലും വീഴ്‌ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മിഥുന്റെ വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണി മുത്തശി മണിയമ്മ, അച്ഛൻ മനു, അനിയൻ സുജിൻ എന്നിവരെ ആശ്വസിപ്പിച്ചു.

ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. സുജ വിദേശത്താണ്. ഇന്നലെ വീഡിയോ കോളിലൂടെ ബന്ധുക്കൾ മരണ വിവരം അറിയിച്ചിരുന്നു. സുജ നാളെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും മിഥുന്റെ മൃതദേഹം സംസ്‌കരിക്കുക.