കെ.എസ്.ഇ.ബിയുടേത് ഗുരുതര അലംഭാവം, അപകട മുന്നറിയിപ്പ് അവഗണിച്ചു; ലൈൻ ഇൻസുലേഷൻ ചെയ്തില്ല
തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ നൽകിയ അപകട മുന്നറിയിപ്പ് കെ.എസ്.ഇ.ബി അവഗണിച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ്. അതേസമയം, വൈദ്യുതി ലൈനിന് താഴെയായി സ്കൂൾ അധികൃതർ ഷെഡ് കെട്ടിയതും സുരക്ഷ ഉറപ്പാക്കാതെ പഞ്ചായത്ത് അധികൃതർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയതും മറ്റൊരു വീഴ്ച.
ജൂലായ് രണ്ടിന് സേഫ്ടി ഓഡിറ്റിംഗുമായി ബന്ധപ്പെട്ട് സ്കൂളിൽനടന്ന യോഗത്തിൽ വൈദ്യുതിലൈൻ അപകടകരമായി താഴ്ന്നതായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. യോഗത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തിരുന്നു. സ്കൂൾ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ ഇൻസുലേഷൻ ചെയ്ത് സുരക്ഷിതമാക്കിയില്ലെന്ന ഗുരുതര വീഴ്ചയും കെ.എസ്.ഇ.ബിയുടെ ഭാഗത്തുണ്ടായി.
സ്കൂളിന് ഫിറ്റ്നെസുണ്ടെന്ന് മാനേജ്മെന്റും പഞ്ചായത്തും സാക്ഷ്യപ്പെടുത്തുമ്പോഴും കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ നിർമ്മിച്ച സൈക്കിൾ ഷെഡിന് അടക്കം പഞ്ചായത്ത് ഫിറ്റ്നെസ് നൽകിയത് എന്തിനെന്ന ചോദ്യമുയരുന്നു.
സുരക്ഷാ ബോർഡുവരെ
ഫിറ്റ്നെസ് പരിധിയിൽ
1. അടിത്തറ മുതൽ മേൽക്കൂര വരെ ഉൾപ്പെടുന്നതാണ് ഫിറ്റ്നസ്. ടോയ്ലറ്റ്, കിണറിന്റെ സംരക്ഷണഭിത്തി, ഇലക്ട്രിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, സുരക്ഷാബോർഡുകൾ എന്നിവയും ഫിറ്റ്നെസിന്റെ പരിധിയിൽ.
2. ഓരോവർഷവും അദ്ധ്യയനം തുടങ്ങും മുൻപ് സ്കൂൾ പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കുകയും അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റുകയും വേണം.
3. ഫിറ്റ്നസ് പരിശോധിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗത്തിനാണ് ഫിറ്റ്നെസ് ഉറപ്പാക്കേണ്ട ചുമതല. മേയ് 31 ന് മുൻപ് ഫിറ്റ്നസ് നേടിയിരിക്കണമെന്നാണ് കെ.ഇ.ആർ ചട്ടം.
അനാസ്ഥയുണ്ടെങ്കിൽ കർശന നടപടിയുണ്ടാകും. സ്കൂളുകളുടെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശംനൽകിയിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ പ്രഥമാദ്ധ്യാപകർ നടപടി കൈക്കൊണ്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.
-മന്ത്രി വി.ശിവൻകുട്ടി
...............................................
പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സ്കൂൾ സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. സുരക്ഷ സംബന്ധിച്ച് എല്ലാ സ്കൂളുകൾക്കും കർശനമായ നിർദ്ദേശം നൽകുന്നതിനൊപ്പം മന്ത്രിതല യോഗത്തിന് ശുപാർശ ചെയ്യും.
-എസ്.ഷാനവാസ്,
ഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പ്