'ശുഭ്മാൻ ഗിൽ മിടുക്കനാണ്, ക്യാപ്റ്റൻസി ആ താരത്തെ പോലെയായാൽ മിടുമിടുക്കൻ'; പ്രശംസിച്ച് മുൻ ഇന്ത്യൻ കോച്ച്
മാഞ്ചസ്റ്റർ: 2011ലെ ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മുൻ ഇന്ത്യൻ പരിശീലകനും ലോകം കണ്ട മികച്ച മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണറുമായ ഗാരി കിർസ്റ്റൺ, ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് പങ്കുവെച്ച അഭിപ്രായമാണ് ശ്രദ്ധേയമാകുന്നത്. ഐപിെഎല്ലിൽ 2024 സീസണിൽ ഗിൽ ക്യാപ്റ്റനായ ആദ്യ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് പരിശീലകനും ഗില്ലിന്റെ മാർഗദർശിയുമായിരുന്നു കിർസ്റ്റൺ. ഇന്ത്യയുടെ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകാൻ ഗില്ലിന് കഴിവുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. റെഡിഫ്.കോമിന് നൽകിയ അഭിമുഖത്തിലാണ് ഗാരി കിർസ്റ്റൺ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ക്യാപ്റ്റൻസിയിൽ മാൻ മാനേജ്മെന്റിന്റെ പ്രാധാന്യമാണ് കിർസ്റ്റൺ എടുത്തു പറഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ കൂളായിരുന്ന ധോണിയുമായുള്ള അനുഭവം ഉദാഹരിച്ചാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഗാരി കിർസ്റ്റന്റെ വാക്കുകൾ;
'ഗിൽ മികച്ച കഴിവുള്ള കളിക്കാരനാണ്.എന്നാൽ ക്യാപ്റ്റൻസിയിൽ അദ്ദേഹം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊരു ക്യാപ്റ്റനും മാൻ മാനേജ്‌മെന്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് ഞാൻ കരുതുന്നത്. ധോണി അത്തരത്തിൽ മിടുക്കനായ മാൻ മാനേജർ ആയിരുന്നു. അത്തരത്തിൽ ഗില്ലും മാൻ മാനേജ്മെന്റിൽ ശ്രദ്ധ ചെലുത്തിയാൽ, ധോണിയെ പോലെ ഇന്ത്യയ്ക്ക് ഒരു മികച്ച ക്യാപ്റ്റനാകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.' കിർസ്റ്റൺ വ്യക്തമാക്കി.
ഇംഗ്ലണ്ടിൽ ബാറ്റ് കൊണ്ട് ശുഭ്മാൻ തകർപ്പൻ ഫോമിലാണ്. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 101.17 ശരാശരിയിൽ 607 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ബെൻ സ്റ്റോക്‌സിനും കൂട്ടർക്കും എതിരെ ശക്തമായ തിരിച്ചുവരവ് നടത്താൻ തന്റെ ടീമിനെ പ്രചോദിപ്പിക്കുക എന്നതാണ് 25 കാരനായ ഗില്ലിന്റെ മുന്നിലുള്ള ലക്ഷ്യം. നിലവിൽ 1-2ന് ഇന്ത്യ പരമ്പരയ്ക്ക് പിന്നിലാണെങ്കിലും അടുത്ത രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനെതിരെ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നായകൻ.