നിപ: 33 പേരെ സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി,​ പാലക്കാട്ട് 17 പേർ ഐസൊലേഷനിൽ

Friday 18 July 2025 6:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 648 പേരാണ് നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 97 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേർ ഹൈയസ്റ്റ് റിസ്‌കിലും 97 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.