ഇതുവരെ വിറ്റത് 10 കോടിയില്‍ അധികം; എന്നിട്ടും കമ്പനി വില്‍ക്കാന്‍ തീരുമാനിച്ച് ഉടമ
മുംബയ്: കോടികളുടെ വിറ്റുവരവുള്ള ജനപ്രിയ ബ്രാന്‍ഡ് ആയിരുന്നിട്ടും പക്ഷേ കമ്പനി വിറ്റ് ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് മുതലാളി. ഇന്ത്യക്കാരുടെ 'ദേശീയ ലഗേജ് ബാഗ്' ആയ വിഐപിയുടെ കാര്യമാണ് പറയുന്നത്. 50 വര്‍ഷത്തോളമായി വിപണി അടക്കിവാണ ബ്രാന്‍ഡ് ആണ് വിഐപി. ദിലീപ് പിരാമലിന്റെ നേതൃത്വത്തില്‍ വന്‍ കുതിപ്പ് നടത്തിയ മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിപണി മൂല്യം 6830 കോടി രൂപയാണ്.
ഇതുവരെ പത്ത് കോടിയില്‍ അധികം ഉത്പന്നങ്ങളാണ് വിഐപി കമ്പനി വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനിക്ക് അത്ര നല്ലകാലമല്ല. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ തിരിച്ചടി നേരിട്ടതോടെയാണ് കമ്പനി വില്‍ക്കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ 32 ശതമാനം ഓഹരികള്‍ വിറ്റഴിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി തന്നെ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുതലമുറയ്ക്ക് ബിസിനസ് നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ താത്പര്യമില്ലാത്തത് വിഐപി എന്ന കമ്പനിയുടെ വിറ്റൊഴിവാക്കലിലേക്ക് നയിക്കുകയായിരുന്നു. തന്റെ ജീവിതകാലം മുഴുവനുമുള്ള അധ്വാനമായ കമ്പനി വില്‍ക്കുന്നതില്‍ ദിലീപ് പിരാമലിന് അതിയായ ദുഃഖമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ കമ്പനിയുടെ ഓഹരി മൂല്യം 700 രൂപയായിരുന്നു. അന്ന് കമ്പനിയുടെ മൂല്യം 10,000 കോടിക്ക് മുകളില്‍ ആയിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയിലേക്ക് പോകുമെന്ന കണക്കുകൂട്ടലിലാണ് അന്ന് കമ്പനി വില്‍ക്കാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് 2200 കോടിയോളം രൂപയുടെ ഇടിവാണ് മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. അംബാനി കുടുംബവുമായി ബന്ധമുള്ളതാണ് പരിമാലിന്റെ കുടുംബം. ദിലീപിന്റെ സഹോദരന്റ് മകന്‍ ആനന്ദ് വിവാഹം കഴിച്ചിരിക്കുന്നത് ഇഷ അംബാനിയെയാണ്.