കിഴങ്ങുവിള ഗ്രാമമാകാൻ തൃത്താല; ജില്ലാതല ഉദ്ഘാടനം ഇന്ന്
പാലക്കാട്: നാടൻ വിഭവങ്ങളായ കിഴങ്ങുകൾ കൃഷി ചെയ്ത് കിഴങ്ങുവിള ഗ്രാമമാകാനൊരുങ്ങി തൃത്താല. തൃത്താലയിലെ തിരത്തെടുക്കപ്പെടുന്ന 50 എസ്.സി കർഷകരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഒരു കർഷകൻ 25 സെന്റ് ഭൂമിയിലാണ് കൃഷി ചെയ്യുക. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, സുസ്ഥിര തൃത്താല പദ്ധതി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക, ചേന എന്നിവ കൃഷി ചെയ്യാനാവശ്യമായ വിത്തുകളും ഉത്പാദനോപാധികളും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം കർഷകർക്ക് നൽകും. കൃഷിയിലൂടെ വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായ വില നൽകി കർഷകരിൽ നിന്ന് വാങ്ങുകയും ചെയ്യും. തൃത്താല ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും കിഴങ്ങുവിളകളുടെ വിത്തുഗ്രാമങ്ങൾ വികസിപ്പിക്കുന്നതിന് സഹായവും നൽകും.
കിഴങ്ങുവിള വിത്തുഗ്രാമങ്ങളും വികേന്ദ്രികൃത വിത്ത് ഉത്പാദകരും എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജീന അദ്ധ്യക്ഷയാകും. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ. ജി.ബൈജു മുഖ്യപ്രഭാഷണം നടത്തും. എ.നിസാമുദ്ദീൻ വിശിഷ്ടാതിഥിയാകും. കിഴങ്ങുവിളകളുടെ പുതിയ ഇനങ്ങളേയും പുതിയ സാങ്കേതിക വിദ്യകളേയും മൂല്യവർധിത ഉത്പന്നങ്ങളേയും പരിചയപ്പെടുത്താനായി കാർഷിക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.