ശാരികപ്പൈതൽ പാടിയ രാമകഥ

Saturday 19 July 2025 12:00 AM IST
ആചാര്യശ്രീ രാജേഷ്

കര്‍ക്കടകമെന്നാല്‍ നമുക്ക് രാമായണമാസമാണ്. ശാരികപ്പൈതല്‍ പാടിയ രാമകഥ മലയാളിമനസുകളെ തഴുകിയുണര്‍ത്തിക്കൊണ്ട് ഭക്തിയുടെ സൗകുമാര്യത്തെ വിടര്‍ത്തുന്ന കാലം. കിളിപ്പാട്ട് രാമായണമാണ് നമുക്ക് സുപരിചതം. എങ്കില്‍ക്കൂടി, വാല്മീകിരാമായണം, അദ്ധ്യാത്മരാമായണം, കമ്പരാമായണം, തുളസീദാസരാമായണം, ദ്വിപദരാമായണം തുടങ്ങിയ രാമായണങ്ങളുമുണ്ട്. ഇവയെല്ലാം ഭാരതത്തിൽ രചിക്കപ്പെട്ടവയാണ്. ഭാരതത്തിനപ്പുറത്തും ഒട്ടേറെ രാമായണങ്ങളുണ്ട്. ഇന്തോനേഷ്യ, തായ്ലന്റ്, കംബോഡിയ, ലാവോസ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ഇതിഹാസം അവിടുത്തെ രാമായണങ്ങളാണെന്നത് എത്ര പേര്‍ക്കറിയാം? കംബോഡിയന്‍ രാമായണത്തിന്റെ പേര് റീംകര്‍ അഥവ രാമകീര്‍ത്തിയെന്നാണ്. ഫ്രാ ലാക് ഫ്രാ ലാം, ഗ്വായ് ദ്വോറാബി എന്നിവയാണ് ലാവോസിലെ രാമായണങ്ങള്‍. ഇന്തോനേഷ്യയിലെ രാമായണം കകവിന്‍ രാമായണമാണ്. രാമകീന്‍ ആണ് തായ്ലന്റിലെ രാമായണം. ചൈനയിലെ രാമായണം ഹിഷിയുച്ചി ആണ്. ബുദ്ധസാഹിത്യത്തിലെ ത്രിപീഠികയും രാമായണംതന്നെയാണ്. ഫിലിപ്പൈന്‍സിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ മഹാരാധ്യാലാവണ എന്ന രാമായണകഥ നിലവിലുണ്ട്. മലേഷ്യയില്‍ പെന്‍ഗ്ലീപര്‍ ലാറയെന്ന പേരിലും പേര്‍ഷ്യയില്‍ (ഇറാൻ) 'ദസ്തന്‍-ഇ-രാം ഓ സീതാ' എന്ന പേരിലും രാമായണകഥയുണ്ട്. ശ്രീലങ്കയില്‍ ജാനകീഹരണ്‍ എന്നാണ് രാമായണത്തിന്റെ പേര്. നേപ്പാളിലും ടിബറ്റിലും തുടങ്ങി വിയറ്റ്‌നാമിലും ജപ്പാനിലുംവരെ രാമായണകഥ പ്രചരിതമാണ്.

ഉത്തമം രാമകഥ

ശാശ്വതമൂല്യങ്ങളും അതിലധിഷ്ഠിതമായ ധര്‍മ്മചിന്തകളും ഭക്തിയും ജനസമൂഹത്തിലേക്ക് പ്രചരിക്കാനുള്ള ഏറ്റവും നല്ല മാദ്ധ്യമം കഥകളാണ്. ആബാലവൃദ്ധം ജനങ്ങളും കഥകളെ ഇഷ്ടപ്പെടുന്നു. അങ്ങനെ ധര്‍മ്മചിന്തകളും ഭക്തിയും ആത്മാവായുള്ള കഥാശരീരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമെന്ന് ഒരു കഥയെ വിശേഷിപ്പിക്കാമെങ്കില്‍ അത് രാമകഥതന്നെയായിരിക്കും. രാമായണത്തെക്കുറിച്ച് അനേകശതം പഠനങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്. ഇന്നുമുണ്ടാകുന്നു. എന്നാല്‍ രാമായണത്തെയും മഹാഭാരതത്തെയുമെല്ലാം പ്രാചീന യവനകൃതികളായ ഇലിയഡിനെയും ഒഡീസ്സിയെയും പോലുള്ള പഴംപാട്ടുകളായി കാണാന്‍ പാടില്ലെന്നാണ് അസ്മാദൃശരുടെ അഭിപ്രായം. കാരണം ജീവഗന്ധിയായ പ്രാചീന ഭാരതീയ സംസ്‌കൃതിയുടെ, അന്നുമിന്നും മുറ്റിനില്‍ക്കുന്ന അസാധാരണമായ സാധനാലോകമാണ് രാമായണവും മഹാഭാരതവുമെല്ലാം. രാമായണത്തിന്റെ ആരംഭത്തില്‍തന്നെ 'തപ'ശ്ശബ്ദം കാണാമെങ്കില്‍ മഹാഭാരതത്തിന്റെ തുടക്കവും ഒടുക്കവും തപസ്സിനെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതാണ്. ഭാരതത്തിന്റെ കാവ്യവും ശില്പചാതുര്യവും സംഗീതവുമെല്ലാം സാധനയിലാണ് പര്യവസാനിക്കുന്നത്. അതിനാല്‍തന്നെ അതിന് സാധനയുടെ പ്രപഞ്ചവുമായി അസാധാരണ സംബന്ധമുണ്ട്. രാമബാണവും ധനുസ്സുമെല്ലാം ഉപനിഷത്ചിന്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മശരവും പ്രണവധനുസ്സും തന്നെയാണെന്ന് കാണാം. കോദണ്ഡരാമന്‍ ത്യാഗരാജസ്വാമികളുടെ കൃതികളില്‍ മുഴങ്ങുമ്പോഴും നാം അനുഭവിക്കുന്നത് സാധനയുടെ സുഗന്ധംതന്നെ.