ആർമി ടവർ തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ചിലേക്ക്
കൊച്ചി: വൈറ്റില ചന്ദേർകുഞ്ജ് ആർമി ടവർ നിർമ്മാണ ക്രമക്കേട് കേസുകൾ ക്രൈംബ്രാഞ്ചിന് വിടുന്നു. നിർമ്മിച്ച് അഞ്ചാം വർഷം തകർച്ചയിലായ 29 നിലകൾ വീതമുള്ള രണ്ട് വമ്പൻ ഫ്ളാറ്റു സമുച്ചയങ്ങളുടെ കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും പൊലീസിന്റെ പ്രത്യേക വിഭാഗം അന്വേഷിക്കണമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും മരട് സ്റ്റേഷൻ ഹൗസ് ഓഫീസർ എറണാകുളം സി.ജെ.എം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.
ബലക്ഷയം സംഭവിച്ച കെട്ടിടങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ പൊളിക്കേണ്ട സ്ഥിതിയുണ്ടാക്കിയതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫ്ളാറ്റുടമയായ റിട്ട. കേണൽ സിബി ജോർജ് സമർപ്പിച്ച ഹർജിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മരട് പൊലീസിന് സി.ജെ.എം. കോടതി നിർദേശം നൽകി. റെസിഡന്റ്സ് അസോ. മുൻഭാരവാഹികളും എ.ഡബ്‌ള്യു.എച്ച്.ഒ അധികൃതരും ഉൾപ്പടെ എട്ടുപേരാണ് എതിർകക്ഷികൾ.
കേസുകൾ നാലായി
പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതോടെ ആർമി ടവർ പ്രശ്നത്തിൽ മരട് പൊലീസിൽ നാലു കേസുകളാകും. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് എ.ഡബ്‌ള്യു.എച്ച്.ഒ ഉന്നതർക്കും നിർമ്മാണ കരാറുകാരായ ശില്പ കൺസ്ട്രക്ഷൻസ്, ആർക്കിടെക്ട് അജിത് അസോസിയേറ്റ്സ് തുടങ്ങിയവർക്കെതിരെ മൂന്ന് കേസുകൾ നേരത്തേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് കണ്ടെത്തലുകൾ
കരാറുകാരൻ ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചു
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ വ്യാജരേഖകൾ സമർപ്പിച്ച് ലൈസൻസുകൾ വാങ്ങി
ആവശ്യമായ അനുമതികൾ വാങ്ങുന്നതിൽ എ.ഡബ്‌ള്യു.എച്ച്.ഒയ്ക്ക് വീഴ്ച
ആർക്കിടെക്ട് അനുമതിയില്ലാതെ പ്ളാനിൽ മാറ്റം വരുത്തി
ലൈസൻസുകൾ നൽകിയതിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് വീഴ്ച
ഫ്ലാറ്റുകൾ താമസയോഗ്യമല്ലെന്ന് ഗവ. ഏജൻസികൾ സ്ഥിരീകരിച്ചു
ഫ്ളാറ്റുകൾ നിർമ്മിച്ചത് റവന്യൂ രേഖകളിൽ നിലമായ സ്ഥലത്ത്
130 കോടി വെട്ടിച്ചു
208 പേരിൽ നിന്ന് 130 കോടി പിരിച്ചെടുത്ത് എ.ഡബ്‌ള്യു.എച്ച്.ഒ താമസയോഗ്യമല്ലാത്ത വീടുകൾ പണിതുകൊടുത്ത് ചതിച്ചെന്ന് വ്യക്തമായതായി മരട് എസ്.എച്ച്.ഒ റിപ്പോർട്ടിൽ വ്യക്തമാക്കിട്ടുണ്ട്.
കരസേനയുടെ മറവിൽ നടന്ന ഈ വമ്പൻതട്ടിപ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. ടവറുകൾ പൊളിച്ചുമാറ്റിയാൽ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമാകും. ക്രിമനൽ കേസുകളിൽ നടപടിയില്ലാതെ ഫ്ളാറ്റിൽ നിന്ന് ഒഴിയില്ല.
കേണൽ സിബി ജോർജ് (റിട്ട.)
പരാതിക്കാരൻ