മന്ത്രി ബിന്ദുവിനെ കണ്ട് വി.സി- കേരള യൂണിവേഴ്‌സിറ്റി പോര് സമവായത്തിലേക്ക്

Saturday 19 July 2025 12:35 AM IST

തിരുവനന്തപുരം: ഭാരതാംബ വിവാദത്തെത്തുടർന്നുണ്ടായ കേരള വി.സി- രജിസ്ട്രാർ പോര് സമവായത്തിലേക്ക്. പ്രശ്നം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സ്ഥിതിയിലേക്ക് വളർന്നത് ആശങ്കയും കടുത്ത പ്രതിഷേധവും ഉയർത്തിയിരുന്നു. ഇതോടെയാണ് സർക്കാരും ഗവർണറും വെടിനിറുത്തലിന് തയ്യാറായത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ഡോ. ആർ.ബിന്ദു ഇന്നലെ വി.സി ഡോ. മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികളെ മുൻനിറുത്തി പ്രശ്നപരിഹാരമുണ്ടാക്കണമെന്നും അല്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും വി.സിയെ മന്ത്രി അറിയിച്ചു. വി.സി കടുംപിടിത്തം കാണിച്ചില്ലെന്നും സമന്വയമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാത്രി ഗവർണർ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തും. മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും. കേരളയിലടക്കം സ്ഥിരം വി.സി നിയമനത്തിനും ശ്രമം തുടങ്ങി. ഗവർണറുടെ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നൽകാനാണിട. രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ സസ്പെൻഷൻ അംഗീകരിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന് വി.സി പറഞ്ഞു. അതിനുശേഷം അപേക്ഷ നൽകിയാൽ അനുകൂല തീരുമാനമെടുക്കാമെന്നും മന്ത്രിയെ അറിയിച്ചു. അനിൽകുമാർ അവധിയിൽ പോകട്ടെയെന്നും സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ പിൻവലിക്കട്ടെയെന്നും മന്ത്രി പറഞ്ഞെങ്കിലും വി.സി അംഗീകരിച്ചില്ല. നിയമവാഴ്ചയുറപ്പാക്കാൻ സസ്പെൻഷൻ അംഗീകരിച്ചേ മതിയാവൂ എന്നായിരുന്നു നിലപാട്. പിന്നീട്,​ സിൻഡിക്കേറ്റ് യോഗം അടിയന്തരമായി വിളിക്കാൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞെങ്കിലും വി.സി നിഷേധിച്ചു. രജിസ്ട്രാർ മാറിയെന്ന് ഉറപ്പായശേഷമേ സിൻഡിക്കേറ്റ് വിളിക്കൂവെന്ന് വി.സി പ്രതികരിച്ചു.