ഉമ്മൻ ചാണ്ടി എന്റെ ഗുരു: രാഹുൽ ഗാന്ധി
കോട്ടയം : പല കാര്യങ്ങളും പ്രവൃത്തിയിലൂടെ കാട്ടിത്തന്ന ഉമ്മൻചാണ്ടി തന്റെ ഗുരുവാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുവെന്നാൽ അദ്ധ്യാപകനെന്ന് മാത്രമല്ല അർത്ഥം. വഴികാട്ടി കൂടിയാണ്. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ
വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി പുതുപ്പള്ളിയിൽ സംഘടിപ്പിച്ച 'ഉമ്മൻചാണ്ടി സ്മൃതി സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
ഉമ്മൻചാണ്ടിയെക്കുറിച്ച് സംസാരിക്കാൻ ഇവിടെയെത്താൻ കഴിഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ആദരവാണ്. ഉമ്മൻചാണ്ടിയുടെ മാതൃക രാഷട്രീയത്തിൽ പിന്തുടരുന്ന യുവജനത കേരളത്തിലുണ്ടാവുന്നത് ഉറ്റുനോക്കുകയാണ്. ഉമ്മൻചാണ്ടിയെപ്പോലെ ഇത്രയധികം മനുഷ്യരെ മനസിലാക്കിയ ആളെ കണ്ടിട്ടില്ല. നടക്കാൻ പാടില്ലെന്ന്
ഡോക്ടർമാരടക്കം പറഞ്ഞിട്ടും അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി.
ഒടുവിൽ നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളൊന്നും വോട്ടിന് വേണ്ടിയായിരുന്നില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും കേൾവി ശക്തിയില്ലാത്ത കുട്ടികളെ സഹായിക്കാനായി കെ.പി.സി.സി ആരംഭിക്കുന്ന സ്മൃതി തരംഗം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യു തൃതീയൻ കാതോലിക്ക ബാവ, ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് രാഹുൽ വേദിയിലെത്തിയത്. പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പ്രത്യേക പ്രാർത്ഥനയും നടന്നു.
വേട്ടയാടലിന്
വിധേയനായി
ഉമ്മൻചാണ്ടിയെ അതിക്രൂരമായ രാഷ്ട്രീയ വേട്ടയാടലിന് വിധേയനാക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തുടർച്ചയായി നുണകൾ കൊണ്ടുള്ള ക്രിമിനൽ വേട്ടയാടലാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് ഫോണിൽ ഒരിക്കൽപ്പോലും മറ്റൊരാളെപ്പറ്റി അദ്ദേഹം ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല. മനസൊരു സമതുലിതാവസ്ഥയിലാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.