താറുമാറായി നഗര റോഡുകൾ എപ്പോ ശരിയാവും...?

Saturday 19 July 2025 12:44 AM IST

കോഴിക്കോട്: ഇപ്പശരിയാക്കും ഇപ്പശരിയാക്കും എന്നു പറഞ്ഞാൽ എപ്പൊ ശരിയാക്കുമെന്നാണ് നഗരവാസികൾ ചോദിക്കുന്നത്. നഗരത്തിലെ റോഡുകൾ താറുമാറായിട്ട് മാസങ്ങളായി. ഒറ്റമഴയിൽ കുണ്ടും കുഴിയും പാതാളക്കുഴികളുമായി റോഡുകൾ മരണ ഭീതി ഉയർത്തുമ്പോൾ മഴകഴിഞ്ഞിട്ട് നോക്കാമെന്നത് എന്ത് ഗതികേടാണെന്നും ജനം. നഗരത്തിൽ നടക്കാവ് മുതൽ മാനാഞ്ചിറ സ്‌ക്വയർ ചുറ്റി ടൗൺഹാൾ വരേയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഒറ്റമഴയിൽപ്പോലും വെള്ളക്കെട്ടാവുന്ന മിഠായിത്തെരുവ് എസ്.കെ പ്രതിമയ്ക്ക് സമീപമുള്ള കണ്ണൂർ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കിയെങ്കിലും വലിയ ഗർത്തങ്ങളാണ് റോഡിലുള്ളത്. കുഴിയടക്കാനായി നാട്ടുകാരിടുന്ന കട്ടകളും കല്ലുകളും അതിലേറെ അപകടമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഒരു ഗ്യാസ് സിലിണ്ടറുമായി പോകുന്ന ഓട്ടോ തലകീഴായി മറിഞ്ഞിരുന്നു. മഴമാറി നിൽക്കുന്ന നേരത്ത് കുഴികളെങ്കിലും അടച്ചുകൂടെ എന്ന ചോദ്യത്തിന് എല്ലാം ശരിയാക്കാമെന്ന മറുപടി മാത്രം. നടക്കാവ് മുതൽ മാനാഞ്ചിറ വരേയുള്ള റോഡിൽ ക്രിസ്ത്ര്യൻകോളജ് പരിസരം ഉണ്ണിയപ്പ കുഴികളാണ്. മാവൂർ റോഡുവരെ ഇതാണ് അവസ്ഥ. ചോദിക്കുമ്പോൾ മാനാഞ്ചിറ - വെള്ളിമാട് കുന്ന് റോഡ് നവീകരണം വരുന്നുണ്ട് അപ്പോൾ ശരിയാകുമെന്ന് മറുപടി. നഗരം വിട്ടാൽ പുതിയങ്ങാടി, കുണ്ടൂപ്പറമ്പ്, കല്ലായി, ഫ്രാൻസിസ് റോഡ്, വലിയങ്ങാടി റോഡ്, എരഞ്ഞിക്കൽ -കൈപ്പുറത്തുപാലം റോഡ് തുടങ്ങിയവയെല്ലാം തകർന്നിരിക്കുകയാണ്.