തന്നെപ്പറ്റി അറിയാത്തവർ പൊങ്കാലയിടുന്നു: പി. ഐഷാ പോറ്റി
കൊല്ലം: കോൺഗ്രസിൽ ചേരാനല്ല, ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണത്തിനാണ് താൻ കോൺഗ്രസ് വേദിയിലെത്തിയതെന്ന് സി.പി.എം മുൻ എം.എൽ.എ പി.ഐഷാ പോറ്റി പറഞ്ഞു. കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യ അനുസ്മരണം നടത്തുകയായിരുന്നു അവർ.
ഐഷാപോറ്റി ഈ വേദിയിൽ വന്നാൽ എന്താണ് പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെയാണ് പലരും കാത്തിരിക്കുന്നതെന്ന ആമുഖത്തോടെയായിരുന്നു പ തുടക്കം. ഈ വേദിയിൽ വച്ച് മെമ്പർഷിപ്പ് തരുമെന്ന് കമന്റുകൾ കണ്ടു, അതൊക്കെ ചിരിച്ചു തള്ളുന്നു. താൻ പാർലമെന്ററി മോഹിയല്ല. പ്രസ്ഥാനത്തിന്റെ ചുമതലകളിൽ നിന്നും കമ്മിറ്റികളിൽ നിന്നും മാറി നിന്നത് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നാണ്. ഇപ്പോൾ എല്ലാം സുഖമായി. അഭിഭാഷകയെന്ന പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ്ടം. ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണത്തിന് വിളിച്ചപ്പോൾ സന്തോഷം തോന്നി. എന്നാൽ അന്നു മുതൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പൊങ്കാലയിടുകയാണ് ചിലർ. വിമർശനങ്ങൾ കൂടുതൽ ശക്തയാക്കുകയേയുള്ളൂ. പ്രസ്ഥാനമാണ് അവസരങ്ങൾ തന്നത്, എന്നാൽ ജനങ്ങൾ വോട്ടു ചെയ്താലേ ജയിക്കൂ. തന്നെ ഐഷാ പോറ്റിയാക്കിയത് ജനങ്ങളാണ്. താൻ ആരാണെന്ന് ശരിക്കും അറിയാത്തവരാണ് സോഷ്യൽ മീഡിയയിലെ പൊങ്കാലക്കാരെന്നും ഐഷാപോറ്റി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി.അലക്സ് അദ്ധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ കാരുണ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
വിമർശിച്ചെങ്കിൽ
മാപ്പ്
രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടിയെ വിമർശിച്ചിട്ടുണ്ടാകാമെന്നും,
അതിനെല്ലാം തുറന്ന മനസോടെ മാപ്പ് ചോദിക്കുന്നുവെന്നും ഐഷാ പോറ്റി പറഞ്ഞു. ഉമ്മൻചാണ്ടിക്കൊപ്പം മൂന്ന് തവണ എം.എൽ.എയായി പ്രവർത്തിച്ചു. ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തന്നയാളാണ് ഉമ്മൻ ചാണ്ടി. ജന സമ്പർക്ക പരിപാടിയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വിസ്മയിപ്പിച്ചിരുന്നു. ഏത് ജനപ്രതിനിധിയായാലും മനുഷ്യരോട് സ്നേഹം കാട്ടണം.