വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിൽ

Friday 18 July 2025 11:09 PM IST

മണക്കാല : മണക്കാല മേഖലയിൽ വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിലായതോടെ ജനം ഭീതിയിൽ . മണക്കാല ജംഗ്ഷനിൽ കച്ചി വിൽക്കുന്ന കടയുള്ള കെട്ടിടത്തിന് മുകളിൽ കൈയെത്താവുന്ന ദൂരത്തിലാണ് വൈദ്യുതി ലൈനുകൾ കടന്നു പോകുന്നത്.ഈ കടയ്ക്ക് മുകൾവശം ഷീറ്റ് കൊണ്ട് മേഞ്ഞിരിക്കുകയാണ്. വൈദ്യുതി ലൈൻ ഏതെങ്കിലും കാരണവശാൽ താഴേക്ക് വന്നാൽ വലിയ അപകടം ഉറപ്പാണ്. മണക്കാല വായനശാല ജംഗ്ഷന് സമീപമുള്ള ട്രാൻസ് ഫോർമറിനു സമീപത്തും ഇത്തരത്തിൽ അപകടകരമായ രീതിയിൽ വൈദ്യുതി ലൈനുകൾ താഴ്ന്നു കിടക്കുകയാണ്. മുമ്പ് വാഹനങ്ങളുടെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടി തീപ്പൊരി ചിതറിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നാളം - മണക്കാല റോഡിലും പലയിടത്തും വൈദ്യുതി ലൈനുകൾ ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കെ എസ് ഇ ബി അധികൃതർ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.