കേരളത്തിന് കൂടുതൽ വനിതാ ആർ.പി.എഫുകാർ

Thursday 19 September 2019 12:00 AM IST
തൈക്കാട് ഡിവിഷണൽ റെയിൽവേ മാനേജേഴ്സ് ഓഫീസിൽ എത്തിയ ആർ.പി.എഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ ഓഫീസർമാരുടെ യോഗത്തിൽ പങ്കെടുക്കുന്നു.

തിരുവനന്തപുരം: ആർ.പി.എഫിന് കൂടുതൽ അധികാരം നൽകുന്നതിന് റെയിൽവേ ചട്ടഭേദഗതി പരിഗണനയിലാണെന്ന് ആർ.പി.എഫ് ഡയറക്‌ടർ ജനറൽ അരുൺകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റെയിൽവേ വസ്തുവകകളുടെ സുരക്ഷ, കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടുക കേസെടുക്കുക തുടങ്ങിയവയാണ് നിലവിൽ ആർ.പി.എഫിന്റെ ചുമതലകൾ.

ഭേദഗതി വന്നാൽ വ്യാജ ടിക്ക​റ്റ് തയ്യാറാക്കൽ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, യാത്രക്കാരെ മയക്കി കവർച്ച നടത്തൽ, ലഗേജ് മോഷണം തുടങ്ങിയ കു​റ്റങ്ങൾക്കും കേസെടുക്കാൻ ആർ.പി.എഫിന് അധികാരം ലഭിക്കും.

ദീർഘദൂര ട്രെയിനുകളിൽ ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കി യാത്രാക്കാരെ പ്രവേശിപ്പിക്കുന്ന സംവിധാനം കേരളത്തിലേക്കും വ്യാപിപ്പിക്കും.

ആർ.പി.എഫിൽ വനിതാപ്രാതിനിധ്യം കുറവാണെന്നും ഇത് പരിഹരിക്കുന്നതിന് പുതുതായി നടത്തിയ 10,000 സേനാംഗങ്ങളുടെ റിക്രൂട്ട്‌മെന്റിൽ 4,000 വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അരുൺകുമാർ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ വനിതകൾ ഉൾപ്പെടെയുള്ള റെയിൽവേ സുരക്ഷാ സേനാംഗങ്ങളുടെ (ആർ.പിഎഫ്) എണ്ണം 100 വീതം വർധിപ്പിക്കും. തിരുവനന്തപുരം ഡിവിഷനിൽ 100 ൽ താഴെയാണ് വനിതാ സേനാംഗങ്ങൾ. സ്ത്രീ യാത്രക്കാർക്കായി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി വരികയാണ്. വനിതാ കമ്പാർട്ടുമെന്റുകളിൽ പുരുഷൻമാർ യാത്ര ചെയ്യുന്ന അവസ്ഥ ഇപ്പോഴുണ്ട്. ഇത് തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരം, എറണാകുളം സ്​റ്റേഷനുകളിൽ വിമാനത്താവളങ്ങളുടെ മാതൃകയിൽ അതിസുരക്ഷാ സംവിധാനം ഏർപ്പെടുത്തും. പ്രവേശനത്തിനും പുറത്തു കടക്കലിനും രണ്ട് വഴികൾ മാത്രമാക്കും. തിരുവനന്തപുരത്ത് സോഫ്​ട്‌വെയറിന്റ സഹായത്താൽ മുഖപരിശോധനയിലൂടെ കു​റ്റവാളികളെ കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തും. ലെവൽക്രോസുകൾ കേന്ദ്രീകരിച്ചുള്ള കു​റ്റകൃത്യങ്ങൾ തടയാൻ കാമറകൾ സ്ഥാപിക്കും. പുതിയ കോച്ചുകളിലെല്ലാം സി.സി.ടി.വി സംവിധാനം ഉണ്ട്. ഇവ എല്ലാ ഡിവിഷനിലേക്കും വ്യാപിപ്പിക്കും.

അപകടത്തിൽ മരിച്ചത് 107 പേർ

തിരുവനന്തപുരം ഡിവിഷനിൽ കഴിഞ്ഞ ഒരു വർഷം ട്രെയിൻ അപകടങ്ങളിൽ മരണപ്പെട്ടത് 107 പേരാണ്. അപകടങ്ങൾ ഒഴിവാക്കാൻ തിരുവനന്തപുരം ഡിവിഷൻ ആരംഭിച്ച 'ജീവിതം അമൂല്യമാണ്' എന്ന കാമ്പയിൻ മ​റ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ആത്മഹത്യ തടയുന്നതിന് റെയിൽപാളങ്ങളുടെ സമീപത്തെ ഭിത്തികളുടെ ഉയരം വർധിപ്പിക്കും. ട്രെയിനുകളിലേക്ക് യാത്രക്കാർക്ക് എളുപ്പം കയറാൻ സാധിക്കുന്ന തരത്തിൽ പ്ലാ​റ്റ്‌ഫോമുകളുടെ ഉയരം കൂട്ടും.